കാസർകോട് കരിന്തളം കോളജിലെ വ്യാജരേഖ കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ മാത്രമാണ് കേസിലെ പ്രതി. വ്യാജരേഖ നിർമിക്കാൻ വിദ്യക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മഹാരാജാസ് കോളജിലെ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കെ.വിദ്യ കരിന്തളം ഗവ കോളജിൽ ജോലി ചെയ്തത്. 12 പേർ പങ്കെടുത്ത അഭിമുഖ പരീക്ഷയിൽ വിദ്യയ്ക്ക് ജോലി ലഭിച്ചത് ഇതേ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ. തുടർന്ന് ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് 2023ൽ അട്ടപ്പാടി കോളജിൽ നിയമനത്തിന് ശ്രമിച്ചപ്പോഴാണ് വിദ്യ പിടിക്കപ്പെട്ടത്.
വിദ്യ അറസ്റ്റിലായി ഏഴ് മാസത്തിന് ശേഷമാണ് അന്വേഷണം പൂർത്തിയാക്കി നീലേശ്വരം പൊലീസ് ഹോസ്ദുർഗ് കോടതിയിൽ കുറ്റപത്രം നൽകിയത്. വ്യാജ രേഖ നിർമിക്കാൻ വിദ്യക്ക് മറ്റ് സഹായം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. താൻ ഫോണിലാണ് രേഖ നിർമിച്ചതെന്നും അട്ടപ്പാടി കോളജിലെ അഭിമുഖത്തിന് ശേഷം സർട്ടിഫിക്കറ്റ് നശിപ്പിച്ചെന്നുമുള്ള വിദ്യയുടെ മൊഴി ശരിവയ്ക്കുകയാണ് പൊലീസും.
നിയമനം നേടാൻ വ്യാജരേഖ നിർമിച്ചെന്നും, ജോലിയിലൂടെ സർക്കാർ ശമ്പളം കൈപ്പറ്റിയെന്നും കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ നിർമിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് വിദ്യക്കെതിരെ ചുമത്തിയത്. അട്ടപ്പാടി ഗവ കോളജിൽ വ്യാജരേഖ സമർപ്പിച്ച കേസിൽ അഗളി പൊലീസിന്‍റെ അന്വേഷണവും അന്തിമ ഘട്ടത്തിലാണ്.
K Vidya Fake certificate case charge sheet