wayanad-bear-returned-fores

വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കരടിയെ കാട്ടിലേക്ക് തുരത്തി വനംവകുപ്പ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് നെയ്ക്കുപ്പ വനമേഖലയിലേക്ക് കരടിയെ തുരത്തിയത്. നാല് ദിവസം ജനവാസമേഖലകളിലൂടെ ഓടിനടന്ന ശേഷമാണ് കരടി കാട് കയറിയത്. 

വയനാട്ടില്‍ നാട്ടുകാര്‍ക്കും വനംവകുപ്പിനും ആശ്വാസം. നാടിനെ വിറപ്പിച്ച് ഓടിനടന്ന കരടിയെ ഒടുവില്‍ കാട്ടിലേക്ക് തുരത്തി വനംവകുപ്പ്. ചെതലയം ഫോറസ്റ്റ് റേഞ്ചിനു കീഴിലെ നെയ്ക്കുപ്പ വനമേഖലയ്ക്ക് സമീപം ഇന്നലെ രാത്രി ഒമ്പതരയോടെയാണ് നാട്ടുകാര്‍ കരടിയെ കണ്ടത്. വിവരം അറിയച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് പെട്രോളിങ് സംഘം നടത്തിയ തിരച്ചിലില്‍ ചെഞ്ചടി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ കരടിയെ കണ്ടെത്തി. തുടര്‍ന്ന് വനത്തിലേക്ക് ഓടിച്ച് കയറ്റുകയായിരുന്നു.

21–ാം തിയതി പുലര്‍ച്ചെയാണ് കരടി മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപം ജനവാസമേഖലയില്‍ എത്തുന്നത്. തുടര്‍ന്ന് നാല് ദിവസങ്ങള്‍ കൊണ്ട് മൂന്ന് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും താണ്ടിയാണ് കരടി കാട് കയറിയത്. ചില വീടുകളുടെയും കടകളുടെയും വാതിലുകള്‍ തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചിരുന്നെങ്കിലും മനുഷ്യര്‍ക്ക് നേരെ ആക്രമണം ഉണ്ടാകാത്തത് ആശ്വാസകരമാണ്. 

Bear returned to forest