thanneer-komban-wayanad-845

മയക്കുവെടി വച്ച് പിടികൂടി കർണാടകയ്ക്കു കൈമാറിയ കാട്ടാന തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞതില്‍ ചോദ്യങ്ങള്‍ ഉയരുന്നു.  ഇന്നലെ വൈകിട്ട് അഞ്ചരയോടെ മയക്കുവെടി വച്ച ആനയെ രാത്രി പത്തരയോടെയാണ് ലോറിയിൽ കയറ്റി കൊണ്ടുപോയത്. തുടർന്ന് കർണാടകയ്ക്ക് കൈമാറി. ആനയെ അർധരാത്രിയോടെ ബന്ദിപ്പുർ രാമപുര ക്യാമ്പിൽ എത്തിച്ചു. ഇതിനു പിന്നാലെയാണ് ആന ചരിഞ്ഞത്. തണ്ണീര്‍ക്കൊമ്പനെ കര്‍ണാടകയിലെ ഹാസനില്‍ നിന്ന് പിടികൂടി കാട്ടില്‍ വിട്ടത് ജനുവരി 16നാണ്.

1. പതിനേഴ് ദിവസത്തിനിടെ രണ്ടാമതും മയക്കുവെടി വച്ചതോ മരണകാരണം?

2. റേഡിയോ കോളര്‍ ട്രാക്കിങ് പിഴച്ചോ?

ആന കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടക്കുന്ന വിവരം കൃത്യസമയം കൈമാറിയോ

ഇന്നലെ പുലര്‍ച്ചെ 4.30ന് അറിഞ്ഞെന്ന് മന്ത്രി, കാട്ടില്‍ സിഗ്നല്‍ ലഭിക്കാതിരുന്നേക്കാം

3. മയക്കുവെടി വയ്ക്കാന്‍ വനംമേധാവി വിസമ്മതിച്ചതിനു കാരണമെന്ത്?

മന്ത്രി പറഞ്ഞിട്ടും ഉത്തരവിട്ടത് രണ്ടുമണിക്കൂറിലേറെ വൈകി, നടപടിക്രമങ്ങള്‍ പാലിക്കാനെന്ന് മന്ത്രി

4. ആനയുടെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിച്ചിരുന്നോ?

പിടികൂടാതെ എങ്ങനെ വിലയിരുത്താനാവുമെന്ന് മന്ത്രി

5. ആനയ്ക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നോ?

പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തേണ്ടകാര്യമെന്ന് മന്ത്രിയുടെ മറുപടി 

6. മയക്കുവെടി ഡോസ് കൃത്യമായിരുന്നോ?

തണ്ണീര്‍ക്കൊമ്പന് നല്‍കിയത് കുറഞ്ഞ ഡോസ് 

ആവശ്യമെങ്കില്‍ മുത്തങ്ങയില്‍വച്ച് ബൂസ്റ്റര്‍ ഡോസ് നല്‍കാനായിരുന്നു പദ്ധതി

ജനവാസ മേഖലയിൽ ഇറങ്ങിയതിനെ തുടർന്ന് ഒരു മാസത്തിനിടെ രണ്ടു തവണ ഈ ആനയെ മയക്കുവെടി വച്ചിരുന്നു. നേരത്തെ ജനുവരി 10ന് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂർ എസ്റ്റേറ്റിൽനിന്ന് പിടികൂടി ബന്ദിപ്പുർ വനത്തിൽ വിട്ടതായിരുന്നു തണ്ണീർക്കൊമ്പനെ. അവിടെനിന്നാണ് മാനന്തവാടിയിൽ എത്തിയത്. 

തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞത് ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. വിദഗ്ധ പരിശോധനയ്ക്കു മുന്‍പ് ആന ചരിഞ്ഞു.കേരളവും കര്‍ണാടകയും സംയുക്തമായി പോസ്റ്റ്മോര്‍ട്ടം നടത്തും. മയക്കുവെടി ഉത്തരവ് വൈകിയത് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാനാണ്. അതു കാലതാമസമായാണ് എല്ലാവരും വ്യാഖ്യാനിച്ചത്. വനംവകുപ്പിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു. മാനന്തവാടിയില്‍ ഭീതിവിതച്ച ആനയെ ജനവാസമേഖലയില്‍ മയക്കുവെടിവയ്ക്കാന്‍ വനംമേധാവി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അവധിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്.

തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞത് പരിശോധിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചെന്ന് കര്‍ണാടക മുഖ്യവനപാലകന്‍ സുഭാഷ് മാല്‍ഖഡെ അറിയിച്ചു. വെറ്ററിനറി സര്‍ജന്‍മാരുടെ സംഘം ഉടന്‍ ബന്ദിപ്പൂരിലെത്തും. ഇന്നുതന്നെ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് സുഭാഷ് മാല്‍ഖഡെ പറഞ്ഞു. 

Questions on the death of Thanneer Komban