uttarakhand-ucc-2

 

ഉത്തരാഖണ്ഡില്‍ ഏക വ്യക്തി നിയമം നടപ്പാക്കാനുള്ള  ബില്ല് മറ്റന്നാള്‍ ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിക്കും.  ഇതിനുള്ള  കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. യുസിസിക്കായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രഞ്ജന ദേശായ് അധ്യക്ഷയായ അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചാണ് കരട് ബില്ല് തയാറാക്കിയത്. 

 

വിവാഹം, വിവാഹമോചനം, പാരമ്പര്യ സ്വത്ത് അവകാശം, ജീവനാംശം, ദത്ത് എന്നിവയില്‍ മതവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ നിയമങ്ങള്‍ ബാധകമാകും. ആദിവാസി–ഗോത്ര വിഭാഗങ്ങള്‍, ട്രാന്‍സ്ജെന്‍ററുകള്‍, ആചാരങ്ങള്‍, മതവിശ്വാസങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ഹനിക്കപ്പെടില്ല. മുത്തലാഖ് കുറ്റകരമാണ്. ബഹുഭാര്യാത്വം നിരോധിക്കാന്‍ കരട് ശുപാര്‍ശ ചെയ്യുന്നു.

 

ലിവ് ഇന്‍ റിലേഷനുകള്‍ നിയമപരമാകും. എന്നാല്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. 18നും 21നും ഇടയില്‍ പ്രായമുള്ള പങ്കാളികള്‍ മാതാപിതാക്കളുടെ സമ്മതപത്രവും പോര്‍ട്ടലില്‍ നല്‍കേണ്ടിവരും. വിവാഹമോചനത്തിനും ജീവനാംശം നല്‍കുന്നതിനും എല്ലാവര്‍ക്കും ഒരേ നിയമം. പെണ്‍മക്കള്‍ക്ക് പാരമ്പര്യ സ്വത്തില്‍ തുല്യാവകാശം. ഇതോടെ  സ്വതന്ത്ര ഇന്ത്യയില്‍ ഏക വ്യക്തി നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. രാജ്യമാകെ നടപ്പാക്കുന്നതിന് മുന്നോടിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏക വ്യക്തി നിയമം പ്രാബല്യത്തില്‍ വരുത്താനാണ് ബിജെപി നീക്കം.

 

Uttarakhand cabinet approves Uniform Civil Code draft report