gr-anil-balagopal-4

 

ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ പ്രതിഷേധത്തിനിടെ ബജറ്റിൽ സപ്ലൈകോയ്ക്ക് അനുവദിച്ച തുകയുടെ കണക്കുമായി ധന വകുപ്പ്. ആകെ 1731 കോടിയാണ് ബജറ്റിൽ സപ്ലൈകോയ്ക്ക് നീക്കിവച്ചിരിക്കുന്നത്. ബജറ്റ് രേഖകളിൽ ആണ് ഈ കണക്കുള്ളത്.

 

വിലക്കയറ്റം നിയന്ത്രിക്കാൻ വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈകോയ്ക്ക് ബജറ്റിൽ കാര്യമായൊന്നും കിട്ടിയില്ലെന്ന വിമർശനമാണ് മന്ത്രി ജി.ആർ.അനിൽ ഉന്നയിച്ചത്. പിന്നാലെയാണ് ബജറ്റ് രേഖകളിലെ കണക്ക് ധനവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. റേഷൻ സബ്സിഡി ഇനത്തിൽ 938 കോടി. ഇതിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യക്ക് വില വ്യത്യാസത്തിന്‌ നൽകാൻ 370 കോടിയും എ.ആർ.ഡി കമ്മീഷൻ  308 കോടിയും ചരക്കുനീക്ക-കൈകാര്യ ചെലവായി 260.8 കോടിയും ഉൾപ്പെടുന്നു. 557 കോടി നെല്ല് സംഭരണത്തിന് നീക്കിവച്ചിട്ടുണ്ട്. വിപണി ഇടപെടലിന് 205 കോടിയും. എന്നാൽ ഇതൊന്നും മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. സപ്ലൈകോ വിൽപന ശാലകളുടെ നവീകരണത്തിന് 10 കോടി അനുവദിച്ചത് മാത്രമാണ് മന്ത്രി പറഞ്ഞത്.  

 

പുതിയ പദ്ധതിയായതിനാലാണ് ഇത് പ്രസംഗത്തിൽ ഉൾപ്പെട്ടതെന്നാണ് വിശദീകരണം. ബാക്കി സ്ഥിരം ബജറ്റ് വിഹിതമുള്ള ഹെഡുകളായതിനാൽ പ്രസംഗത്തിൽ പറഞ്ഞില്ല. ബജറ്റ് അവതരണത്തിന് ശേഷം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലും ഇക്കാര്യം ധനമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം മന്ത്രി ജി.ആർ.അനിലിന്റെ ശ്രദ്ധയിൽ പെടുത്തും.

 

kerala budget supplyco KN Balagopal GR Anil