കോഴിക്കോട് കോന്നാട് ബീച്ചില്‍ മഹിളാമോര്‍ച്ചയുടെ സദാചാര ഗുണ്ടായിസം ന്യായീകരിച്ച് ബി.ജെ.പി. ലഹരി മാഫിയ കുട്ടികളുടെ ഭാവി തകര്‍ക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി. ഡിവൈഎഫ്ഐ ലഹരി മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നതെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ്. ബിജെപി വെസ്റ്റ്്ഹില്‍ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിലുള്ള അമ്പതോളം പ്രവര്‍ത്തകരാണ് ചൂലുമായി കോന്നാട് ബീച്ചിലേയ്ക്ക് എത്തിയത്. അവിടെയിരുന്ന യുവതീയുവാക്കളോട് വീട്ടില്‍ പോകാന്‍ ആക്രോശിച്ച പ്രവര്‍ത്തകര്‍ ബീച്ചില്‍ ഇരിക്കാന്‍ ഇനി അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി. ബീച്ചില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനം നടക്കുന്നുവെന്നായിരുന്നു ആരോപണം. ഇതേച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. 

 

പൊലിസിന്‍റെ സാനിധ്യത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ ചൂല്‍ പ്രയോഗം. ബീച്ചില്‍ നിന്ന് യുവതീയുവാക്കളെ ഓടിക്കുന്നത് തടയാന്‍ തയ്യാറാകാതിരുന്ന പൊലിസ് പ്രതിഷേധക്കാര്‍ക്ക് സഹായിയായി നിന്നു. പരാതിയില്ലാത്തതിനാല്‍ കേസെടുക്കില്ലെന്നും പൊലിസ് അറിയിച്ചു.  സംഭവം വിവാദമായതോടെയാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി എത്തിയത്. ബിജെപി വനിതാപ്രവര്‍ത്തകരുടെ നടപടി സാംസ്ക്കാരിക കേരളത്തിന് യോജിക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ കടപ്പുറത്തേയ്ക്ക് മാര്‍ച്ച് നടത്തി. സദാചാര പൊലിസിങ് നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സദാചാര ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ്.  

 

BJP justifies Mahila Morcha's moral policing