riyas-imprisonment

കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന എൻഐഎ വാദം അംഗീകരിച്ച കോടതി വിവിധ വകുപ്പുകളില്‍ ഒന്നേക്കാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. എന്‍ഐഎ കോടതി ജഡ്ജ് മിനി കെ ദാസാണ് ശിക്ഷ വിധിച്ചത്.

 

ഭീകര സംഘടനയിൽ അംഗത്വമെടുക്കുക, തീവ്രവാദ സംഘടനക്ക് സഹായം ചെയുക എന്ന യുഎപിഎ വകുപ്പുകളിലാണ് റിയാസ് അബൂബക്കറിനു കോടതി പരമാവധി ശിക്ഷ വിധിച്ചത്. ഇരു വകുപ്പുകളിലും പത്ത്  വര്‍ഷം വീതം കഠിനതടവിന് പുറമെ പിഴയും ഒടുക്കണം. ഗൂഡാലോചന കുറ്റത്തിന് അഞ്ച് വര്‍ഷം കഠിനതടവാണ് ശിക്ഷ. ആകെ 25 വര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2019ലാണ് റിയാസ് അബൂബക്കര്‍ എന്‍ഐഎയുടെ പിടിയിലായത്. 

 

അന്ന് മുതല്‍ ജയിലില്‍ കഴിയുന്നതിനാല്‍ ശിക്ഷയില്‍ ഈ കാലയിളവ് ഇളവ് ചെയ്യും. 2016ല്‍ റജിസ്റ്റര്‍ ചെയ്ത കാസര്‍കോട് ഐ.എസ്. കേസിന്റെ അന്വേഷണത്തിനിടെയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കറിനെ എന്‍ഐഎ പിടികൂടുന്നത്. ഭീകരസംഘടനയായ ഐ.എസ്. മാതൃകയിൽ കേരളത്തിൽ ചാവേർ ആക്രമണത്തിനാണ് പദ്ധതിയിട്ടത്. ഐഎസ് നേതാവായ അബ്ദുൾ റാഷിദ് അബ്ദുല്ലയുടെ നിർദേശപ്രകാരമായിരുന്നു പദ്ധതി. 

 

ശ്രീലങ്കൻ സ്ഫോടനപരമ്പര ആസൂത്രണംചെയ്ത സഹ്റാൻ ഹാഷിമുമായി ചേര്‍ന്ന് ഇതിനായി ഗൂഡാലോചന നടത്തിയതായും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. ഹാഷിമുമായും അബ്ദുള്‍ റാഷിദുമായും റിയാസ് സാമൂഹികമാധ്യമങ്ങള്‍ വഴി ആശയവിനിമയം നടത്തിയതിന്‍റെ തെളിവുകളും എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഇതെല്ലാം പരിഗണിച്ചാണ് എന്‍ഐഎ കോടതി പ്രതിക്ക് പരമാവധി ശിക്ഷവിധിച്ചത്. ശ്രീനാഥായിരുന്നു എന്‍ഐഎ പ്രോസിക്യൂട്ടര്‍.

 

IS model suicide attack: Riyas Aboobacker gets 10 years of rigorous imprisonment