മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്തുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫസര്‍ ജി.എന്‍.സായിബാബയെയും മറ്റ് അഞ്ച് പ്രതികളെയും വെറുതെവിട്ട് ബോംബെ ഹൈക്കോടതി. യുഎപിഎ അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. അപ്പീല്‍ പോയ മഹാരാഷ്ട്ര സര്‍ക്കാരിന് കനത്ത തിരിച്ചിടിയാണ് കോടതി വിധി.
ശരീരം തൊണ്ണൂറു ശതമാനം തളര്‍ന്ന് വീല്‍ചെയറിലായ പ്രൊഫ. ജി.എന്‍.സായിബാബയുടെ പത്തുവര്‍ഷം നീണ്ട നിയമപോരാട്ടമാണ് വിജയം കാണുന്നത്. മവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയത് അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇക്കാരണത്താല്‍ സായിബാബ അടക്കമുള്ള ആറ് പ്രതികളെയും കുറ്റവിമുക്തരാക്കുകയാണെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് വിധിച്ചു.
ഡല്‍ഹി സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ജി.എന്‍.സായിബാബയെയും മറ്റ് നാലുപേരെയും 2017ലാണ് സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. മറ്റൊരു പ്രതിക്ക് പത്തുവര്‍ഷം തടവുശിക്ഷ. സിപിഐ മാവോയിസ്റ്റുകളുമായി അടുത്ത ബന്ധംപുലര്‍ത്തി, ഇവരെ ആശയപരമായി സഹായിച്ചു. ലഘുലേഖകള്‍ പ്രചരിപ്പിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എന്നാല്‍ 2022 ഒക്ടോബറില്‍ ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. ഇതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ വിധി റദ്ദാക്കിയ കോടതി കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിനോട് വീണ്ടും പരിഗണിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്നാണ് വിനയ് ജോഷി, എസ്.എ.വാത്മീമികി എന്നിരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്‍റെ സുപ്രധാന വിധി. 2014ല്‍ അറസ്റ്റിലായതുമുതല്‍ സായിബാബ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. വിചാരണയ്ക്കിടെ ഒരു പ്രതി ജയില്‍വെച്ച് മരിച്ചിരുന്നു.
Bombay high court acquits GN Saibaba in maoist link case