• സമര്‍പ്പിച്ചത് 2019 മാർച്ച് – 2024 ജനുവരി വരെയുള്ള കണക്ക്
  • ബോണ്ട് വാങ്ങിയ കമ്പനികളുടേതായി 18,871 എന്‍ട്രി
  • സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ 20,421 എന്‍ട്രി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ സമര്‍പ്പിച്ച ഇലക്ടറല്‍ ബോണ്ട് കണക്കുകളില്‍ വന്‍ പൊരുത്തക്കേട്. 2018 ൽ ആരംഭിച്ച ഇലക്ടറല്‍ ബോണ്ടിന്റെ 2019 മാർച്ച് മുതൽ 2024 ജനുവരി വരെയുള്ള കണക്കാണ് എസ്.ബി.ഐ സമർപ്പിച്ചത്. ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ പട്ടികയില്‍ 18,871 എന്‍ട്രികളാണുള്ളത്. എന്നാല്‍ ബോണ്ടുകള്‍ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ 20,421 എന്‍ട്രികളുമുണ്ട്. അതേസമയം, 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് വരെയുള്ള 2500 കോടി രൂപയുടെ കണക്കും എസ്.ബി.ഐ സമര്‍പ്പിച്ചിട്ടില്ല. കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

 

വെബ്സൈറ്റില്‍ പരസ്യപ്പെടുത്താന്‍ സുപ്രീകോടതി നല്‍കിയ തീയതിക്കും ഒരു ദിനം മുന്‍പെ ഇലക്ടറല്‍ ബോണ്ടിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങള്‍ ഒന്നാം ഭാഗമായിട്ടും  രാഷ്ട്രീയപാര്‍ട്ടികളുടെ വിവരങ്ങള്‍ രണ്ടാംഭാഗമായിട്ടുമാണ് നല്‍കിയിരിക്കുന്നത്. 337 പേജുള്ള കമ്പനികളുടെ പട്ടികയില്‍ രാജ്യത്തെ മുന്‍നിര കമ്പനികളായ വേദാന്ത, എയര്‍ടെല്‍,ഐടിസി സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, സ്പൈസ് ജെറ്റ്,റെഡ്ഡീസ് ലാബ് എന്നിവ ഉള്‍പ്പെടുന്നത്. ഏറ്റവുമധികം തുക നല്‍കിയിരിക്കുന്നത് ഫ്യൂച്ചര്‍ ഗെയിമിങ്ങ് ആന്‍റ് ഹോട്ടല്‍ സര്‍വീസസ് ആണ്. 1368  കോടി.   

 

വാക്സീന്‍ കമ്പനിയായ ഭാരത് ബയോടെക്കും പണം നല്‍കിയിട്ടുണ്ട്. ആദായനികുതി വകുപ്പ് നടപടി നേരിട്ട മേഘ എന്‍ജിനീയറിങ് വര്‍ക്കസ് 980 കോടി സംഭാവന നല്‍കി. നിരവധി ഖനി കമ്പനികളും പണം നല്‍കിയിട്ടുണ്ട് . ഗ്രാസിം ഇന്‍ഡസ്ട്രീസ്, ലക്ഷ്മി മിത്തല്‍, പിവിആര്‍ എന്നീ കമ്പനികളും ഏറ്റവുമധികം തുക രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്.  എന്നാല്‍  അദാനിയും റിലയന്‍സും  ആ പേരുകളില്‍ ബോണ്ട് വാങ്ങിയതായി ലിസ്റ്റില്‍ ഇല്ല.  426 പേജുള്ള രാഷ്ട്രീപാര്‍ട്ടികളുടെ പട്ടികിയില്‍ ഏറ്റവുമധികം ബോണ്ട് കൈപ്പറ്റിയിരിക്കുന്ന ബിജെപിയാണ്. കോണ്‍ഗ്രസ്, എ.ഐ.എ.ഡി.എം.കെ, തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ  എന്നിവര്‍ ബോണ്ടുവഴി പണം കൈപ്പറ്റി. 

 

ഇടതുപാര്‍ട്ടികളായ സിപിഎമ്മും സിപിഐയും ബോണ്ട് സ്വീകരിച്ചിട്ടില്ല. അതിനിടെ ഇലക്ടല്‍ ബോണ്ട് കേസിലെ വിധിയില്‍ പരിഷ്ക്കരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ ഇന്നലെ സമീപിച്ചു. കമ്മിഷൻ സീൽ കവറിൽ നൽകിയ വിവരങ്ങൾ തിരികെ വേണം എന്ന ആവശ്യം ഇന്ന് ഭരണഘടന ബെഞ്ച് പരിഗണിക്കും. ഏതൊക്കെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആരൊക്കെ ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമല്ലെങ്കിലും വരും ദിവസങ്ങളില്‍ അതു പുറത്തുവരും. 

 

BJP got highest share in electoral bonds; discrepancy in numbers of entries in donor recipient files