tamil-nadu-dmk-mp-a-ganesha

തമിഴ്നാട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച ഇറോഡ് എം.പി മരിച്ചു. ഡിഎംകെ സഖ്യകക്ഷിയായ എം.ഡി.എം.കെ നേതാവ് എ.ഗണേശ മൂർത്തിയാണ് മരിച്ചത്.  സീറ്റ് നിഷേധിച്ചത് മൂലമാണ് എം.പിയുടെ ആത്മഹത്യാശ്രമമെന്ന് വിശ്വസിക്കുന്നില്ലെന്ന് എം.ഡി.എം.കെ അധ്യക്ഷൻ വൈക്കോ പ്രതികരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കീടനാശിനി ഉള്ളിൽ ചെന്ന നിലയിൽ ഈറോഡ് എം.പി ഗണേശ മൂർത്തിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചത് മൂലം ഗണേശ മൂർത്തി മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പ്രതികരിച്ചിരുന്നു. രണ്ട് തവണ എം.പിയും, ഒരു തവണ എം.എൽ.എയുമായ ഗണേശ മൂർത്തി വൈക്കോ നേതൃത്വം നൽകുന്ന എംഡിഎംകെ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ്.

ഡിഎംകെ സഖ്യത്തിൽ, ഡിഎംകെ ചിഹ്നത്തിലാണ് 2019ൽ ഈറോഡിൽ ഗണേശമൂർത്തി വിജയിച്ചത്. എന്നാൽ ഈ തവണ ഈറോഡ് സീറ്റ് ഡിഎംകെ ഏറ്റെടുത്തതോടെ ഗണേശ മൂർത്തി മാനസിക പിരിമുറുക്കത്തിലായി. പകരം എംഡിഎംകെയ്ക്ക് അനുവദിച്ച തിരിച്ചുറപ്പള്ളി സീറ്റിൽ വൈക്കോയുടെ മകൻ ദുരൈ വൈക്കോ സ്ഥാനാർത്ഥിയാക്കിയതോടെ എംപി മനോവിഷമത്തിൽ ആയെന്നാണ് റിപ്പോർട്ടുകൾ. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണം. പിന്നാലെ പ്രതികരണം നടത്തിയ വൈക്കോ സീറ്റ് നിഷേധിച്ചത് മൂലമാണ് ആത്മഹത്യയെന്ന് വിശ്വസിക്കുന്നില്ലെന്നും, സീറ്റ് നിർണയത്തിനുശേഷം രണ്ടുതവണ സൗഹൃദത്തോടെ സംസാരിച്ചിരുന്നെന്നും പറഞ്ഞു.

Erode MP Ganeshmurthi passes away