കണ്ണൂർ പാനൂർ മുളിയാത്തോട്ടിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. പാനൂർ സ്വദേശി ഷെറിനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ ഗുരുതര പരുക്കേറ്റ് ചികില്‍സയിലാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പാനൂർ മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന മനോഹരന്‍റെ വീടിനു മുകളിലായിരുന്നു ബോംബ് നിർമാണം. ഇന്നലെ വൈകിട്ടും ഇവിടെ വന്നു പോയ മനോഹരന്‍റെ ശ്രദ്ധയിൽപ്പെടാതെ ആൾ ഒഴിഞ്ഞ ഈ വീടു കേന്ദ്രീകരിച്ചായിരുന്നു ബോംബ് നിർമാണം. ബോംബ് നിർമിക്കുന്നതിനിടെ വീടിന്‍റെ മുകളിൽ വച്ച് ഇന്ന്  പുലർച്ചെ ഒരു മണിയോടെ സ്ഫോടനം ഉണ്ടായാണ് 4 പേർക്ക് പരുക്കേൽക്കുന്നത്. ഇതിൽ പാനൂർ സ്വദേശി ഷെറിനാണ് ചികിത്സയിൽ ഇരിക്കെ ഉച്ചയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. മുഖത്തും നെഞ്ചിലും ഷെറിന് ആഴത്തിലുള്ള മുറിവേറ്റിരുന്നു.

ബോംബ് നിർമാണ സംഘത്തിൽ ഉണ്ടായിരുന്ന വിനീഷ്, വിനോദ് അശ്വന്ത് എന്നിവർക്കും പരുക്കേറ്റു. ഇതിൽ വിനീഷിന്‍റെ പരുക്ക് ഗുരുതരമാണ്. വിനീഷിന്‍റെ സിപിഎം പശ്ചാത്തലം സ്ഫോടനം നടന്ന വീടിന്‍റെ  ഉടമ മനോഹരൻ സ്ഥിരീകരിക്കുന്നു. ലോട്ടറി കച്ചവടം നടത്തുന്ന മനോഹരന് വിനീഷിനെ വർഷങ്ങളായി അറിയാം  

 

സ്ഫോടനം നടന്ന വീട്ടിൽ പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ബോംബിന്‍റെ അവശിഷ്ടങ്ങൾ ഇവിടെ നിന്നു ശേഖരിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാറും  ബോംബ് സ്ഫോടനം നടന്ന സ്ഥലത്തെത്തി പരിശോധനകൾ നടത്തി 

Injured dies in Panoor bomb blast, Kannur