സംസ്ഥാനത്ത്  വൈദ്യുതി ഉപഭോഗത്തില്‍ റെക്കോര്‍ഡ്. ഇന്നലെ ഉപയോഗിച്ചത് 11.17 കോടിയൂണിറ്റ്. ആഭ്യന്തര ഉല്‍പാദനം 2.36 കോടിയൂണിറ്റ് മാത്രമാണ്.  8.81 കോടിയൂണിറ്റ് വാങ്ങേണ്ടിവന്നു. വൈദ്യുതി ഉപഭോഗത്തിന് കടിഞ്ഞാണില്ലാത്തത് കെ.എസ്.ഇ.ബിയെ ആശങ്കയിലാക്കുകയാണ്. 

കനത്ത ചൂടിനെ അതിജീവിക്കാന്‍ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് കേരളത്തില്‍. ഓരോ വീട്ടിലും എസിയെന്ന നിലയിലേക്ക് സ്ഥിതിമാറിയതോടെ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. ഇതിനിടെ വൈദ്യുതി മണിക്കൂറുകളോളം തടസപ്പെടുന്നതും പതിവായതോടെ കെഎസ്ഇബി ജീവനക്കാരും ഉദ്യോഗസ്ഥരും ശത്രുപക്ഷത്താണ്. ലോഡ് കൂടി 11 കെവിലൈനിന്‍റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യം ഒഴിവാക്കാനുള്ള ചില പൊടികൈകളാണ് കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശിക്കുന്നത്. വാഷിങ് മെഷീനില്‍ തുണികൾ കഴുകുന്നതും തേക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക. എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പിങാകാം. 

എത്ര ശ്രമിച്ചിട്ടും ട്രാൻസ്ഫോർമറുകളുടെ ലോഡ് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് മിക്കയിടങ്ങളിലും. 5000 വാട്ട്സിന് മുകളിലുള്ള ഉപഭോക്താക്കൾ ത്രീ ഫേസ് കണകഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഗലയെ താറുമാറാക്കുന്നു. ജയറാം, അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ ബോധവത്കരണ വീഡിയോകളും കെഎസ്ഇബി പുറത്തിറക്കി.

Record in electricity consumption in the state