ജനകീയ കോടതി വിധിക്കുള്ള അംഗീകാരമാണിതെന്നു തൃപ്പൂണിത്തുറ എം.എൽ.എ കെ. ബാബു. ഒരുപാട് പോരാടി നേടിയ തിരഞ്ഞെടുപ്പ് വിജയം. തന്നെ മോശമായി എല്‍ഡിഎഫ് ചിത്രീകരിച്ചു. ജനകീയ, കോടതി വിധികള്‍ ഇടതുമുന്നണിയും സ്ഥാനാര്‍ഥിയും അംഗീകരിക്കണം. അയ്യപ്പന്റെ ചിത്രമുള്ള സ്ലിപ് കൃത്രിമമായി ഉണ്ടാക്കിയതാണ്. ഒരു വീട്ടിലും കിട്ടിയിട്ടില്ല. വോട്ടെടുപ്പിന്റെ തലേന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിക്ക് ഒപ്പമാണ് കൊണ്ടുചെന്നത്. പാര്‍ട്ടിയിലെ പ്രശ്നം കാരണമാണ് സിപിഎമ്മിന് വോട്ടു കുറഞ്ഞതെന്നും ബാബു പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എം.സ്വരാജിന്റെ ഹർജി തള്ളിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബാബു. 

 

മതചിഹ്നം ഉപയോഗിച്ച് കെ.ബാബു വോട്ട് തേടി എന്നായിരുന്നു ഹർജിയിലെ ആക്ഷേപം. ജസ്റ്റിസ് പി.ജി.അജിത് കുമാറിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ സ്ഥാനാർഥിയുടെ ചിത്രത്തിനൊപ്പം ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കമുള്ള വിഷയങ്ങളാണ്  എം.സ്വരാജിന്റെ പരാതിക്ക് ആധാരം.  താൻ തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ബാബു മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി. ജാതി, മതം, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം ലംഘിച്ച  ബാബുവിന്‍റെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നായിരുന്നു സ്വരാജിന്റെ ആവശ്യം. 

 

ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന കെ.ബാബുവിന്റെ തടസവാദം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയെങ്കിലും തിരിച്ചടിയായിരുന്നു ഫലം. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിനെ കെ.ബാബു പരാജയപ്പെടുത്തിയത്. തുടർന്ന് 2021 ജൂണിൽ സ്വരാജ് ഹൈക്കോടതിയെ സമീപിച്ചു. രണ്ട് വർഷത്തിനും പത്തുമാസത്തിനും ശേഷമാണ് ഹർജിയിൽ ഇന്ന് വിധി വന്നത്. തൃപ്പൂണിത്തുറയിൽ 1991 മുതൽ 2011 വരെ തുടർച്ചയായി 5 തവണ വിജയിച്ച കെ.ബാബു 2016ൽ എം.സ്വരാജിനോട് പരാജയപ്പെട്ടിരുന്നു.