അമേഠിയിൽ കൂടി മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദ്ദം ഏറുന്നു. റോബർട്ട് വദ്ര മണ്ഡലത്തിനായി അവകാശവാദമുന്നയിച്ചതോടെ രാഹുൽ തന്നെ മത്സരിക്കണം എന്ന ആവശ്യം കോൺഗ്രസിൽ നിന്നും ഇന്ത്യ മുന്നണിയിൽ നിന്നും ശക്തമാവുകയാണ്. മണ്ഡലത്തിൽ ഇക്കുറി സാഹചര്യങ്ങൾ അനുകൂലമെന്നാണ് പാർട്ടി വിലയിരുത്തൽ. കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഈ മാസം 26 മുതൽ മെയ് 3 വരെയാണ് അമേഠിയിലും റായ്ബറേലിയിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.
അഞ്ചാം ഘട്ടത്തിലുള്ള ഇരു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തിന് ഇനിയും സമയമുണ്ടെന്നാണ് നേതൃത്വത്തിന്റെ പരസ്യ പ്രതികരണമെങ്കിലും രണ്ടാം മണ്ഡലമായി ഉത്തരേന്ത്യയിലെ അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് മേൽ സമ്മർദമേറുകയാണ്. അതിന് പ്രധാനകാരണം സഹോദരി ഭർത്താവും വ്യാവസായിയുമായ റോബർട്ട് വദ്രയുടെ അമേഠിക്കായുള്ള അവകാശവാദമാണ്. നിലവിൽ ഒന്നിലധികം കേസുകളിൽ അന്വേഷണ ഏജൻസികളുടെ നടപടികൾ നേരിടുന്ന റോബർട്ട് വദ്ര മത്സരിച്ചാൽ അത് ഉത്തരേന്ത്യയിലെ എല്ലാ കോൺഗ്രസ് സ്ഥാനാർഥികളെയും ദോഷകരമായി ബാധിക്കും. ഇന്ത്യ സഖ്യത്തിന്റെ എതിർപ്പിനും കാരണമാകും.
അമേഠിയിൽ കോൺഗ്രസിനനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഉത്തർപ്രദേശ് ബിജെപിയിലെ പടലപ്പിണക്കങ്ങൾ സ്മൃതി ഇറാനിക്ക് വെല്ലുവിളിയാണെന്നും അത് ഗുണം ചെയ്യുമെന്നുമാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. റായ്ബറേലിയിൽ മത്സരിക്കാൻ പ്രിയങ്ക ഗാന്ധിയും സമ്മതം അറിയിച്ചിട്ടില്ല. ഇരുവരും മാറി നിന്നാൽ ശക്തരായ സ്ഥാനാർഥിയെ രണ്ട് മണ്ഡലങ്ങളിലേക്കും കണ്ടെത്തുക കോൺഗ്രസിന് വലിയ തലവേദനയാകും.
Pressure on Rahul Gandhi to contest from Amethi too