rekha-patra-in-loksabha-ele

സന്ദേശ്ഖലി സമരനായിക രേഖാ പത്രയെ മുന്‍നിര്‍ത്തിയാണ് ബംഗാളില്‍ മമത ബാനര്‍ജിക്കെതിരായ ബി.ജെ.പിയുടെ പ്രചാരണം. തൃണമൂല്‍ നേതാക്കളുടെ അതിക്രമങ്ങളിലെ അതിജീവിതയായ രേഖ പത്രയ്ക്ക് ഇന്ന് ബംഗാൾ രാഷ്ട്രീയത്തെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്. ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിലെ  ബിജെപി സ്ഥാനാർത്ഥിയായ രേഖ മമതയ്ക്ക് നല്‍കുന്ന 'ഷോക്ക് ' ചെറുതല്ല.

 

ബംഗ്ലദേശ് അതിർത്തിയിലെ സന്ദേശ്ഖലിയെ ആദ്യം മാറ്റി മറിച്ചത് ഒരു ലക്ഷത്തിലേറെപ്പേരുടെ കിടപ്പാടമില്ലാതാക്കിയ ഐല ചുഴലിക്കൊടുങ്കാറ്റാണ്. പാടശേഖരങ്ങളിലെ ലവണാംശം കൂടിയതോടെ ജനങ്ങൾ നെൽകൃഷി ഒഴിവാക്കി മൽസ്യകൃഷിയിലേക്ക് നീങ്ങി. 

 

ഏതാനും മാസങ്ങൾക്കു മുൻപുവരെ ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ നേതാവ് രാജാവിനെപ്പോലെ ഭരിച്ച പ്രദേശമാണിവിടം. സിപിഎം ഗൂണ്ടയായിരുന്ന ഷെയ്ഖ് ഭരണം മാറിയതോടെയാണ് തൃണമൂലിൽ ചേര്‍ന്നത്. നൂറുകണക്കിന് ഹെക്ടർ ഭൂമി സാധാരണക്കാരിൽനിന്നും പിടിച്ചുപറിച്ച ഇയാളുടെ ഉപദ്രവം സഹിക്കാതെ അനവധി പേർ നാടുവിട്ടു. ഷെയ്ഖിന്‍റെ അനുയായികൾ യുവതികളെ വേട്ടയാടി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഷെയ്ഖ് ‌ഒളിവിൽ പോയതോടെയാണ് സ്ത്രീകൾ ധൈര്യം സംഭരിച്ച് പുറത്തിറങ്ങിയത്. ചൂലും മുളവടികളുമായി അവർ ദ്വീപിൽ സമരകൊടുങ്കാറ്റുയര്‍ത്തി. പ്രക്ഷോഭ നായിക, രേഖ പത്രയെന്ന ഈ 27 കാരിയാണ് മമതയ്ക്കെതിരെ ബംഗാളില്‍ ഇന്ന് ബി.ജെ.പിയുടെ ആയുധം.

 

ബംഗാളില്‍ 34 വർഷത്തെ കമ്യൂണിസ്റ്റ് ഭരണത്തെ കടപുഴക്കിയെറിയാൻ മമതാ ബാനർജി നന്ദിഗ്രാമും സിംഗൂരും ആയുധമാക്കിയതുപോലെ സന്ദേശ്ഖലിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ ബിജെപി വിജയിച്ചു. നേട്ടമുണ്ടാക്കാൻ പ്രധാനമന്ത്രിതന്നെ രംഗത്തെത്തി. ഇരകളെ നേരിട്ടുകണ്ട മോദി ബംഗാളിൽ പങ്കെടുത്ത എല്ലാ റാലികളിലും സന്ദേശ്ഖലി ഉയർത്തി തൃണമൂലിനെ ആക്രമിച്ചു. 

 

Rekha Patra in loksabha election 2024 campaign