എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ ചെലവിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ മുസ്‍ലിംകള്‍ക്ക് സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'കോൺഗ്രസ് അവരുടെ വോട്ടു ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ ദലിതുകൾക്കും എസ്‌സികൾക്കും എസ്‌ടികൾക്കും ഒബിസികൾക്കും വേണ്ടിയുള്ള സംവരണം മതത്തിന്‍റെ അടിസ്ഥാനത്തിൽ മുസ്‍ലിംകൾക്ക് നൽകാൻ ഞാൻ അവരെ അനുവദിക്കില്ല' എന്നാണ് തെലങ്കാനയിലെ മേദക് ജില്ലയിൽ ഒരു പ്രചാരണ പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞത്.

 

അമിത് ഷായുടെ വ്യാജ വിഡിയോ കേസിൽ കോൺഗ്രസ് പാർട്ടിയെ കുറ്റപ്പെടുത്തിയ അദ്ദേഹം, ഇത് ആളുകളെ കബളിപ്പിക്കാനും സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ 55% അനന്തരാവകാശ നികുതി ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി ആരോപിച്ചു. 

 

'മുൻ യുപിഎ സർക്കാരിന്‍റെ കാലത്ത് ഇന്ത്യ നയപരമായ സ്തംഭനാവസ്ഥയെ അഭിമുഖീകരിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ മുന്നേറുന്ന സമയത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ, അവർ അനന്തരാവകാശ നികുതി കൊണ്ടുവരും. മാതാപിതാക്കളില്‍ നിന്ന് ലഭിക്കുന്ന അവന്തരാവകാശ സ്വത്തിന് 55 ശതമാനത്തിലധികം നികുതി ഈടാക്കാൻ അവര്‍ പദ്ധതിയിടുകയാണ്. വ്യാജ വാഗ്ദാനങ്ങള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം, ഗുണ്ടാ മാഫിയകളെയും ക്രിമിനലുകളെയും പിന്തുണക്കുക, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോഴൊക്കെ അവരുടെ രാഷ്ട്രീയ ചിന്ഹനങ്ങള്‍. തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബിആർഎസാണ്. ഇപ്പോൾ അത് കോൺഗ്രസാണ്'- പ്രധാനമന്ത്രി പറഞ്ഞു.

 

തന്‍റെ മൂന്നാം ടേമിൽ ഭരണഘടനയുടെ 75 വർഷം ഗംഭീരമായി ആഘോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഇരട്ട നികുതി' വഴി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സംസ്ഥാനത്ത് സമാഹരിച്ച ഫണ്ട് ഡൽഹിയിലേക്ക് വഴിതിരിച്ചുവിടുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഓസ്കാര്‍ നേടിയ 'ആർആർആർ' എന്ന ജനപ്രിയ തെലുങ്ക് ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.