• സംസ്ഥാനം പ്രതിദിനം ശരാശി 92 ദശലക്ഷം യൂണിറ്റ് വാങ്ങണം
  • വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 12 രൂപവരെ അധികച്ചെലവ്
  • തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടന്‍ സര്‍ചാര്‍ജ് കൂട്ടാന്‍ കെ.എസ്.ഇ.ബി ആവശ്യപ്പെടും

വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നതോടെ ഇതരസംസ്ഥാന നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിലും വന്‍കുതിപ്പ്. പ്രതിദിനം  ശരാശരി തൊണ്ണൂറ്റിരണ്ട് ദശലക്ഷം യൂണിറ്റ് വാങ്ങേണ്ട അവസ്ഥയിലാണ്. അധികച്ചെലവ് സര്‍ചാര്‍ജ് ആയി ഈടാക്കാന്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടും.

മേഖലാ നിയന്ത്രണമെന്ന പേരില്‍ മുന്നറിയിപ്പില്ലാതെ പലേടത്തും രാത്രി മൂന്നുനാലും തവണ വൈദ്യുതി വിതരണം നിര്‍ത്തുന്നു. വ്യവസായ–വാണിജ്യ സ്ഥാപനങ്ങളോട് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ നിരന്തരം ആവശ്യപ്പെടുന്നു.ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ദിവസവും നിര്‍ദ്ദേശങ്ങള്‍. പക്ഷേ ഇതൊന്നും പ്രയോജനപ്പെടുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉള്‍പ്പടെ ആഭ്യന്തര ഉല്‍പാദനം കൂട്ടിയിട്ടും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാന്‍ കഴിയുന്നില്ല.

ഈമാസം ഒന്നിന് തന്നെ വാങ്ങേണ്ട വൈദ്യുതി 90 ദശലക്ഷം യൂണിറ്റിലെത്തി. രണ്ടിന് 92.10 , മൂന്നിന് 93.13, നാലിന് 91.30 ദശലക്ഷം യൂണിറ്റാണ് വാങ്ങിയത്. ഒരുയൂണിറ്റിന്  പന്ത്രണ്ടുരൂപ വരെ ചെലവിട്ടാണ് വാങ്ങുന്നതെന്നും ഓര്‍ക്കുക. ഇത് സര്‍ചാര്‍ജായി ജനങ്ങള്‍ ചുമക്കേണ്ടിവരും. വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന സര്‍ചാര്‍ജിന് പുറമെ യൂണിറ്റിന് പത്തുപൈസ വരെ ഈടാക്കാന്‍ കെഎസ്ഇബിയ്ക്ക് റഗുലേറ്ററി കമ്മിഷന്‍ കഴിഞ്ഞവര്‍ഷം മേയില്‍ അനുമതി നല്‍കിയിരുന്നു. ഇതനുസരിച്ച് മാസങ്ങളായി യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്.  ലോകസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാലുടന്‍ സര്‍ചാര്‍ജ്  കൂട്ടണമെന്ന് കെഎസ്ഇബി ആവശ്യപ്പെടും.

Huge increase in buying electricity from other states