രാജിക്ക് പിന്നാലെ അയോധ്യയും സ്ത്രീ സുരക്ഷയും ഉയർത്തി  കോൺഗ്രസിനെ പ്രതിരോധത്തിലാക്കി മുൻ ദേശീയ മീഡിയ കോർഡിനേറ്റർ രാധിക ഖേര. അയോധ്യ ക്ഷേത്രദർശനത്തിനുശേഷം പ്രതികാര നടപടി സ്വീകരിച്ച കോൺഗ്രസ് രാമ വിരുദ്ധവും  ഹിന്ദു വിരുദ്ധവുമായ പാർട്ടിയാണ്. തന്നോട് മോശമായി പെരുമാറിയവർക്കെതിരെ പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും രാധിക ഖേര ആരോപിച്ചു. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതം എന്നാണ് കോൺഗ്രസ് പ്രതികരണം

 

മൂന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ഇന്നലെയാണ് എഐസിസി ദേശീയ മീഡിയ കോഡിനേറ്റർ രാധിക ഖേര കോൺഗ്രസ് വിട്ടത്. രാജിക്ക് കാരണമായും അല്ലാതെയും കോൺഗ്രസിനെതിരെ രാധിക ഖേര ഉന്നയിക്കുന്നത് ഗൗരവമുള്ള ആരോപണങ്ങൾ. ഒരു ഹിന്ദുവായ തന്നെ അയോധ്യ ക്ഷേത്ര സന്ദർശന ശേഷം  കോൺഗ്രസ് നേതാക്കൾ  ശകാരിക്കുകയും ദേഹോപദ്രവം  ഏൽപ്പിക്കുകയും ചെയ്തു.സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്ന പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ മൗനംപാലിച്ചെന്നും രാധിക ഖേര പറയുന്നു. 

 

ന്യായ് യാത്രയ്ക്കിടെ ഛത്തീസ്ഗഡ് നേതാവ് സുശീൽ ആനന്ദ് ശുക്ല മോശമായി പെരുമാറിയെന്ന പരാതിയിൽ ഒരു നടപടി ഉണ്ടായില്ലെന്നും സച്ചിൻ പൈലറ്റും ജയറാം രമേശും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരാതി കണ്ടില്ലെന്ന് നടിച്ചു എന്നും രാധിക ഖേര കൂട്ടിച്ചേർത്തു. ആരോപണങ്ങളെല്ലാം കോൺഗ്രസ് തള്ളി. രാധിക ഖേരയുടെ ആരോപണങ്ങൾ കോൺഗ്രസിനെതിരെ ആയുധമാക്കി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് രാമനെതിരായ പാർട്ടിയാണെന്ന് എല്ലാവർക്കും അറിയാമെന്നും കോൺഗ്രസിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും ബിജെപി ആരോപിച്ചു.