കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പെടെ ഇന്ത്യാസഖ്യത്തിലെ എല്ലാവര്‍ക്കും പാകിസ്താന്‍റെ ഡിഎന്‍എയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാകിസ്താനില്‍ ആളുകള്‍ വിശന്നുമരിക്കുകയാണെന്നും അവിടെ വികസനമില്ലെന്നും അദ്ദേഹം പറഞ്ഞു. സീതാപൂര്‍, ബഹ്റൈച്, അമേഠി എന്നിവിടങ്ങളില്‍, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടുതേടി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 20നാണ് ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ്.
സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇവിടെ ആളുകള്‍ വിശന്ന് മരിക്കുകയായിരുന്നു. ഇപ്പോള്‍ പാകിസ്താനിലാണ് ആളുകള്‍ വിശന്ന് മരിക്കുന്നത്, എന്നാല്‍ ഇന്ത്യയില്‍ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷനാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 65 വര്‍ഷത്തോളം കോണ്‍ഗ്രസിന് ഇന്ത്യയില്‍ വികസനം കൊണ്ടുവരാന്‍ അവസരമുണ്ടായിരുന്നെന്നും എന്നാല്‍ ഒന്നും ചെയ്തില്ലെന്നും യോഗി കുറ്റപ്പെടുത്തി.
യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് മെഡിക്കല്‍ സൗകര്യങ്ങള്‍ കുറവായിരുന്നു, അവര്‍ ജനങ്ങളുടെ വിശ്വാസം വെച്ച് കളിച്ചു, പാവങ്ങളെ വിശന്ന് മരിക്കാനും കര്‍ഷകരെ ആത്മഹത്യ ചെയ്യാനും വിട്ടു കൊടുത്തെന്നും ആഞ്ഞടിച്ചു.
ഇന്ത്യ സഖ്യം, ഇന്ത്യ രാജ്യത്തിനും രാമനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും പെണ്‍മക്കള്‍ക്കും കച്ചവടക്കാര്‍ക്കുമെതിരായാണ് മല്‍സരിക്കുന്നതെന്നും വികസിത ഭാരതത്തിന് വേണ്ടി മോദിയെ വീണ്ടും തിരഞ്ഞെടുക്കണമെന്നും ആദിത്യനാഥ് പറഞ്ഞു.