പൊന്നാനിയിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. പൊന്നാനി സ്വദേശി നൈനാറിന്റെ ഉടമസ്ഥതയിലുള്ള ഇസ്ലാർ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽ സലാം, ഗഫൂർ എന്നിവരാണ് മരിച്ചത്. പരിധി ലംഘിച്ചു വന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്ന് രക്ഷപ്പെട്ടെത്തിയ അയൂബ് മനോരമ ന്യൂസിനോട് പറഞ്ഞു.
കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്ന് നടുക്കടലിൽ താഴ്ന്നു. പുലർച്ചെ ഒന്നരയ്ക്ക് പൊന്നാനിയില്‍ നിന്നും 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടം ഉണ്ടായത്. കപ്പലിലുണ്ടായിരുന്നവരാണ് 4 പേരെ രക്ഷപ്പെടുത്തിയത്. തകർന്ന് താഴ്ന്നു പോയ ബോട്ടിന് ചുവട്ടിൽ കുടുങ്ങിയ 4 പേരും അത്ഭുതകരമായാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നതെന്ന് അയൂബ് മനോരമ ന്യൂസിനോട് പറഞ്ഞു.
2 ദിവസം മുൻപ് പൊന്നാനിയിൽ നിന്ന് മീൻപിടിക്കാൻ പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് ചരക്കുമായി പോയ സാഗർ യുവരാജ് എന്ന കപ്പലിടിച്ചാണ് അപകടം. കപ്പൽച്ചാലിൽ നിന്ന് ബോട്ടുകൾ മീൻ പിടിക്കുന്ന ഭാഗത്തേക്ക് കയറി വന്ന് ഇടിക്കുകയായിരുന്നുവെന്ന് മൽസ്യത്തൊഴിലാളികൾ പറഞ്ഞു. രക്ഷപ്പെടുത്തിയ 4 പേരെ പൊന്നാനി താലൂക്ക് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മുനയ്ക്കൽക്കടവ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം ആരംഭച്ചു.
Ship collides with boat off Ponnani, Two killed