വീടിനുള്ളില്‍ കിടന്നിരുന്ന അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു. തെലങ്കാനയിലെ വികാരാബാദ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. വീട്ടുജോലികള്‍ ചെയ്യുന്നതിനായി അമ്മ പുറത്തേക്ക് പോയ സമയമാണ് കുഞ്ഞിനെ തെരുവുനായ ആക്രമിച്ച് കൊന്നത്.
ഇവരുടെ ഒറ്റമുറി വീട്ടില്‍ കുഞ്ഞിനെ ഉറക്കി കിടത്തിയതിന് ശേഷമാണ് അമ്മ വീട്ടുജോലികള്‍ ചെയ്യാനായി പുറത്തേക്ക് പോയത്. ഈ സമയം വീടിന് അകത്തേക്ക് കയറിയ നായ കുഞ്ഞിനെ കടിച്ചുകൊല്ലുകയായിരുന്നു. അമ്മ തിരിച്ചെത്തി നോക്കുമ്പോഴാണ് ചോരയില്‍ കുളിച്ചിരിക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്.
പ്രദേശവാസികള്‍ ഭക്ഷണവും മറ്റും നല്‍കി നോക്കിയിരുന്ന നായയായിരുന്നു ഇത്. കുഞ്ഞിനെ കൊന്ന തെരുവുനായയെ നാട്ടുകാര്‍ അടിച്ചുകൊന്നു. സ്റ്റോണ്‍ പോളിഷിങ് ഫാക്റ്ററിയിലെ ജീവനക്കാരായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
അടുത്തിടെ ഹൈദരാബാദില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. അപ്പാര്‍ട്ട്മെന്റിന് സമീപം കളിച്ചുകൊണ്ടിരുന്ന രണ്ടര വയസുകാരിലെ ഏപ്രില്‍ 14ന് ഹൈദരാബാദില്‍ തെരുവുനായ കടിച്ചുകൊന്നിരുന്നു. 2022-23 കാലയളവില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ സംഭവം 26.5 ശതമാനം വര്‍ധിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.