ടെസ്റ്റിനു പോലും പോവാതെ തന്നെ കര്‍ണാടകയില്‍ നിന്ന് ഡ്രൈവിങ് ലൈസന്‍സ് വീട്ടില്‍ എത്തുമെന്ന് പറഞ്ഞത് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറാണ്. ഗതാഗതമന്ത്രി പറഞ്ഞതിന്റെ സത്യമറിയാന്‍ മനോരമ ന്യൂസ് സംഘം കര്‍ണാടകത്തിലെ ഹുന്‍സൂരിലെത്തി. ഇവിടെ മലയാളികളുടെ തിരക്കാണ്. പേരിന് ടെസ്റ്റ് ഗ്രൗണ്ടില്‍ ചെന്നാല്‍ പോലും ലൈസന്‍സ് റെഡി. ഇരട്ടക്‌ളച്ചും ഡാഷ്കാമും തുടങ്ങി ഒരു നിബന്ധനകളുമില്ല. മനോരമ ന്യൂസ് ഇന്‍വെസ്റ്റിഗേഷന്‍.
ഗുണ്ടല്‍പേട്ടും കഴിഞ്ഞാണ് യാത്ര. ആധാര്‍ കാര്‍ഡും ഫോട്ടോയും എത്തിച്ചു തന്നാല്‍ 40 ദിവസംകൊണ്ട് ഡ്രൈവിങ് ലൈസന്‍സ് വീട്ടില്‍ എത്തുമെന്ന ഏജന്‍റിന്‍റെ ഉറപ്പിലാണ് ഞങ്ങള്‍ ഗുണ്ടല്‍പേട്ടില്‍ നിന്ന് രണ്ടര മണിക്കൂര്‍ ദൂരത്തിലുള്ള ഹുന്‍സൂരിലെത്തിയത്. നേത്ര പരിശോധനയും ലേണേഴ്സ് ടെസ്റ്റുമില്ല. റോഡില്‍ 50 മീറ്റര്‍ വാഹനം ഒാടിച്ചുകാണിച്ചാല്‍ ലൈസന്‍സ് റെഡി. കാര്‍,ബൈക്ക് ലൈസന്‍സുകള്‍ക്ക് 12000 രൂപ ഏജന്‍റിനു കൈമാറണം.
ആര്‍.ടി ഒാഫീസിന് പിന്നില്‍ ടെസ്റ്റ് നടക്കുന്ന സ്ഥലത്തേക്കാണ് നേരെ പോയത്. കാക്കിയിട്ട് പേരിനുമാത്രം ഒരു ഉദ്യോഗസ്ഥന്‍. കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെല്ലാം മലയാളം സംസാരിക്കുന്ന ഏജന്റുമാര്‍.
മോട്ടോര്‍ ഉദ്യോഗസ്ഥര്‍ വാഹനത്തിലില്ല. ക്‌ളച്ചും ബ്രേക്കും ആവശ്യം വന്നാല്‍ സ്റ്റിയറിങ്ങ് വരെ നിയന്ത്രിക്കാന്‍ ഡ്രൈവിങ് സ്കൂളിലെ പരിശീലകന്‍ കാറിന്‍റെ ഇടതു സീറ്റിലുണ്ട്. തട്ടിയും മുട്ടിയും 50 മീറ്ററില്‍ താഴെ ഒടിച്ചാല്‍ ഇന്ത്യയില്‍ എവിടേയും ഉപയോഗിക്കാനുളള ലൈസന്‍സ് ലഭിക്കും. ചുളുവില്‍ ലൈസന്‍സ് തരപ്പെടുത്താന്‍ കേരളത്തില്‍ നിന്നെത്തിയ ഒട്ടേറെപ്പേരെ ഞങ്ങള്‍ ക്യൂവില്‍ കണ്ടു. വെറുതെ ഇരുന്നു കൊടുത്തേയുളളു. പരീക്ഷ പാസായെന്ന് ടെസ്റ്റ് ജയിച്ച യുവതി പറഞ്ഞു. കേരള റജിസ്ട്രേഷനുളള വാഹനങ്ങളുമായെത്തിയവരമുണ്ട്.
പരിചയമില്ലാത്തവര്‍ക്ക് ബൈക്ക് സ്റ്റാര്‍ട്ട് ആക്കി കൊടുക്കുന്നതു പോലും ഏജന്‍റുമാരാണ്. നേരത്തെയൊന്നും ഉദ്യോഗസ്ഥര്‍ ഇങ്ങോട്ടും വരാറായില്ലെന്നും ആരെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തുമെന്ന് ഭയപ്പെട്ടാണ് ഉദ്യോഗസ്ഥര്‍ ടെസ്റ്റ് നടക്കുന്നിടത്ത് ഇപ്പോള്‍ വരുന്നതെന്നും ഏജന്‍റുമാര്‍ പറഞ്ഞു. കേരളത്തില്‍ നിന്നെത്തിയ എല്ലാവരും റോഡ് ടെസ്റ്റ് പാസായി. കൈനനയാതെ, രണ്ടു മണിക്കൂര്‍ കൊണ്ട് ലൈസന്‍സ് ഒപ്പിച്ചതിന്‍റെ ആശ്വാസത്തിലായിരുന്നു എല്ലാവരുടേയും മടക്കം.