കൊവാക്സീന് പാർശ്വഫലമുണ്ടെന്ന ബനാറസ് ഹിന്ദു സർവകലാശാല ഗവേഷകരുടെ റിപ്പോർട്ട് തള്ളി ഐ.സി.എം.ആര്‍. പഠനവുമായി സഹകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ഐ.സി.എം.ആറിനെ തെറ്റായാണ് പരാമര്‍ശിച്ചിരിക്കുന്നത്. സ്ഥാപനത്തിന്‍റെ അറിവും സമ്മതവും ഇതിനില്ലെന്നും തെറ്റായ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും ഐ.സി.എം.ആര്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍ ശുഭ്ര ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ നടന്ന ഒരു വര്‍ഷം നീണ്ട പഠനത്തില്‍ 926 പേരെ പഠനവിധേയമാക്കിയെന്നായിരുന്നു ഗവേഷകര്‍ അവകാശപ്പെട്ടത്.
ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകരെ കൂടാതെ സ്പ്രിങര്‍ ഇന്‍റര്‍ നാഷണല്‍ എന്ന അക്കദമിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലും കൊവാക്സീന് പാര്‍ശ്വഫലങ്ങളുള്ളതായി കണ്ടെത്തിയിരുന്നു. വാക്സീന്‍ സ്വീകരിച്ചവരില്‍ മൂന്നിലൊരാള്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിവിധ പാര്‍ശ്വഫലങ്ങളുണ്ടാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധ, ചര്‍മത്തിനും പേശികള്‍ക്കും വരുന്ന തകരാറുകള്‍ എന്നിവയാണ് പൊതുവേ കണ്ടുവരുന്ന പാര്‍ശ്വഫലങ്ങള്‍.കോവാക്സിന്‍ സ്വീകരിച്ച അഞ്ച് ശതമാനം സ്ത്രീകളില്‍ ക്രമരഹിതമായ ആര്‍ത്തവവും കണ്ടുവരുന്നു. കൂടുതല്‍ രോഗങ്ങളും കൗമാരക്കാരയ പെണ്‍കുട്ടികളിലാണ് കണ്ടുവരുന്നത്. ഭാരത് ബയോടെക് വികസിപ്പിച്ച വാക്സീന്‍ കൊവിഷീല്‍ഡ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിച്ച പ്രതിരോധ വാക്സീനായിരുന്നു.
കൊവിഷീല്‍ഡ് വാക്സീന്‍ ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അസ്ട്രസെനക്ക വാക്സീന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. വാക്സീന്‍ എടുത്തവരില്‍ പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തതായി കമ്പനി യു.കെ കോടതിയില്‍ സമ്മതിച്ച് പിന്നാലെയായിരുന്നു ഉല്‍പാദനം നിര്‍ത്തിയതും വിപണിയില്‍ നിന്ന് പിന്‍വലിച്ചതും. ഇന്ത്യയില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവീഷീല്‍ഡെന്ന പേരില്‍ വാക്സീന്‍ വിപണിയില്‍ എത്തിച്ചത്.