ചിത്രം ; ANI

  • 'യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ എയര്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ വീഴ്ച'
  • മൂന്ന് ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കണം
  • വൈകിയത് ഡല്‍ഹി–സന്‍ഫ്രാന്‍സിസ്കോ വിമാനം

ന്യൂഡല്‍ഹിയില്‍ നിന്നും സന്‍ഫ്രാന്‍സിസ്കോയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 20 മണിക്കൂര്‍ വൈകിയ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് വ്യോമയാന മന്ത്രാലയം വിശദീകരണം തേടി. കാരണങ്ങളൊന്നും പറയാതെയാണ് യാത്രക്കാരെ എയര്‍ഇന്ത്യ വലച്ചത്. കൊടും ചൂട് തുടരുന്ന ഡല്‍ഹിയില്‍ മുതിര്‍ന്നവരും കൈക്കുഞ്ഞുങ്ങളുമടക്കം എയ്​റോ ബ്രിഡ്ജില്‍ നിലത്താണ് ഈ 20 മണിക്കൂറും കഴിച്ചു കൂട്ടിയത്. വിമാനത്തിനുള്ളില്‍ ആദ്യം യാത്രക്കാരെ കയറ്റിയെങ്കിലും എസി പോലുമില്ലാതെ വിയര്‍ത്ത് ചിലര്‍ ബോധരഹിതരായതോടെ വിമാനത്തില്‍ നിന്നും പുറത്തിറക്കുകയായിരുന്നു. എമിഗ്രേഷന്‍ പൂര്‍ത്തിയായതിനാല്‍ ഇവരെ ടെര്‍മിനലിലേക്ക് പ്രവേശിപ്പിച്ചതുമില്ല. 

കൊടുംദുരിതത്തെ കുറിച്ച് യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ഇത് വാര്‍ത്തയാകുകയും ചെയ്തതോടെയാണ് നടപടി. 

യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എയര്‍ ഇന്ത്യ വീണ്ടും വീണ്ടും പരാജയപ്പെടുകയാമെന്നും ടിക്കറ്റ് റദ്ദാക്കുന്നതിലും യഥാസമയം ആശയവിനിമയം നടത്തുന്നതിലുമടക്കം പരാതികള്‍ തുടരുകയാണെന്നും നോട്ടിസില്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കണമെന്നും അല്ലാത്തപക്ഷം നടപടിയുണ്ടാകുമെന്നും ഡിജിസിഎ  വ്യക്തമാക്കി. 

ഇരുന്നൂറോളം യാത്രക്കാരാണ് AI183 വിമാനത്തില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം 3.30 ഓടെ പുറപ്പെടേണ്ട വിമാനം ആറ് മണിക്കൂര്‍ വൈകി ഷെഡ്യൂള്‍ ചെയ്യുകയായിരുന്നു. എട്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ യാത്രക്കാരെ വിമാനത്തിനുള്ളില്‍ കയറ്റി. 50 ഡിഗ്രി സെല്‍സ്യസോളം ഉയര്‍ന്ന ഡല്‍ഹിയിലെ കൊടും ചൂടില്‍ എസി പോലുമില്ലാതെ യാത്രക്കാര്‍ വിയര്‍ത്തുകുളിച്ചു. ശരീരിക അസ്വസ്ഥതയും ബോധക്ഷയവും യാത്രക്കാര്‍ക്ക് ഉണ്ടായതോടെ പുറത്തിറക്കി. വിമാനത്തിലെ എസി തകരാറിലായതാണ് പ്രശ്നമെന്നാണ് പറയുന്നത്. എന്നാല്‍ സാങ്കേതിക തകരാറെന്നാണ് അനൗദ്യോഗിക പ്രതികരണം. 

സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളടക്കം പങ്കുവച്ചായിരുന്നു യാത്രക്കാരുടെ പ്രതിഷേധം. പലരും വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യയെ മെന്‍ഷന്‍ ചെയ്താണ് ട്വീറ്റ് ചെയ്തത്. ദീര്‍ഘദൂര യാത്ര ചെയ്യേണ്ടവര്‍ നിലത്ത് ഹാന്‍ഡ്ബാഗില്‍ തലവച്ച് കിടക്കുന്നതിന്‍റെയും മതിയായ സീറ്റിങ് സൗകര്യം പോലുമില്ലാതെ ഗേറ്റിന് മുന്നില്‍ കൂടിയിരിക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയെന്നുമായിരുന്നു എക്സില്‍ എയര്‍ ഇന്ത്യ പ്രതികരിച്ചത്. 

ENGLISH SUMMARY:

The Directorate General of Civil Aviation (DGCA) issued a show cause notice to Air India over 20 hours delay on DEL- San Francisco.