ചിത്രം ;Reuters
പണമിടപാടിനായി ബാങ്കിലെത്തിയപ്പോള്‍ ഒരു ജീവനക്കാരന്‍ പോലും സീറ്റില്‍ ഇല്ലാതിരുന്നതിന്‍റെ രോഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് യുവാവ്. രാജസ്ഥാന്‍ സ്വദേശിയായ ലളിത് സോളങ്കിയാണ് ബാങ്കിലെ കാലി കസേരകളുടെ ചിത്രം എക്സില്‍ പങ്കുവച്ചത്. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ബാങ്കിലെത്തിയപ്പോഴായിരുന്നു ഉച്ചഭക്ഷണത്തിനായി ജീവനക്കാര്‍ കൂട്ടത്തോടെ ഓഫിസ് വിട്ടുപോയതായി കണ്ടത്.
'ലോകം മുഴുവന്‍ മാറിയാലും നിങ്ങളുടെ സേവനരീതിക്ക് ഒരു മാറ്റവും വരില്ലെ'ന്നായിരുന്നു ചിത്രം സഹിതം ലളിത് എക്സില്‍ കുറിച്ചത്. മൂന്ന് ലക്ഷത്തിലേറെപ്പേരാണ് ലളിതിന്‍റെ ട്വീറ്റ് കണ്ടത്. ട്വീറ്റ് വൈറലായതിന് പിന്നാലെ ചിത്രം ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐ മറുപടി നല്‍കി.' നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും ബ്രാഞ്ചിനുള്ളില്‍ നിന്നുള്ള ചിത്രം പകര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ ഉത്തരവാദി നിങ്ങളായിരിക്കുമെന്നും അതുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിന്നും ചിത്രം നീക്കം ചെയ്യണമെന്നുമായിരുന്നു എസ്.ബി.ഐയുടെ സന്ദേശം. ഇതോടെ ട്വീറ്റ് വീണ്ടും ചര്‍ച്ചയായി.
ഓഫിസുകളിലെ ഉച്ചഭക്ഷണത്തിന്‍റെ സമയം പറഞ്ഞാല്‍ നന്നാവുമെന്നായിരുന്നു എസ്.ബി.ഐയുടെ ട്വീറ്റിന് ചുവടെ പലരും കുറിച്ചത്. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് അങ്ങനെ നിശ്ചിത സമയം ഉച്ചഭക്ഷണത്തിനായി ക്രമീകരിച്ചിട്ടില്ലെന്നും സേവനം തടസപ്പെടാത്ത രീതിയില്‍ ഭക്ഷണക്രമീകരണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും എസ്.ബി.ഐ മറുപടി നല്‍കി.