അനധികൃത ഗർഭഛിദ്രത്തിനിടെ യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി സൊനാലിയാണ് ഗര്‍ഭസ്ഥ ശിശു പെണ്‍കുട്ടിയായതിനാല്‍ മഹാലിങ്പൂരിലെ വീട്ടിൽവെച്ച് ഗർഭച്ഛിദ്രത്തിന് വിധേയയായത്. മേയ് 27നാണ് യുവതി മരിച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതു. പെൺഭ്രൂണഹത്യക്ക് നിര്‍ബന്ധിച്ചുവെന്ന് കാണിച്ചാണ് കേസ്. ആദ്യ രണ്ട് മക്കളും പെൺകുട്ടികൾ ആയതിനാൽ മാതാപിതാക്കളാണ് സൊനാലിയെ ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചത്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ മഹാലിംഗ്പൂരിലാണ് സംഭവം. മഹാലിംഗപൂരിലെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്. എന്നാൽ അമിതരക്തസ്രാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം യുവതി മരിക്കുകയായിരുന്നു. അച്ഛന്‍ സഞ്ജയ് ഗൗളിയും അമ്മ സംഗീത ഗൗളിയുമാണ് അറസ്റ്റിലായത്.
മരണശേഷം, ഗർഭച്ഛിദ്രം നടത്തിയ മുഖ്യപ്രതിയായ നഴ്‌സ് ഉൾപ്പെടെ ഏഴുപേരെ മഹാരാഷ്ട്ര പൊലീസ് സാംഗ്ലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഭ്രൂണത്തിന്‍റെ ലിംഗം സ്ഥിരീകരിക്കാൻ മരിച്ച സൊണാലി മഹാരാഷ്ട്രയിൽ സ്കാനിംഗ് നടത്തിയെന്നും ഗർഭച്ഛിദ്രം നടത്താൻ പ്രതിയായ നഴ്‌സിന് 40,000 രൂപ നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആരോപണവിധേയയായ നഴ്‌സ് കവിതയ്‌ക്കെതിരെ 2022ലും സമാനമായ കേസുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കവിത സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഇവരുടെ കൈവശം സ്‌കാനിംഗ് മെഷീൻ ഉണ്ടെന്ന് കണ്ടെത്തി.