Delhi Chief Minister and AAP convenor Arvind Kejriwal with his wife and party leaders leaves after visiting Rajghat,
ഇടക്കാല ജാമ്യകാലാവധി പൂർത്തിയാക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തിരികെ ജയിലിലേക്ക്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി. ക്ഷേത്രവും സന്ദര്‍ശിച്ചു. എഎപിയ്ക്കു വേണ്ടിയല്ല, രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രചാരണം നടത്തിയതെന്ന് കേജ്‌രിവാള്‍ പറഞ്ഞു. തനിക്കും പാർട്ടിക്കും രാജ്യത്തിനും ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹമുണ്ട്. ഈ 21 ദിവസത്തിൽ ഒരു മിനിറ്റ് പോലും താൻ പാഴാക്കിയില്ല. എഎപിക്ക് വേണ്ടി മാത്രമല്ല വിവിധ പാർട്ടികൾക്കുവേണ്ടി പ്രചാരണം നടത്തി. ജയിലിൽ പോകുന്നത് അഴിമതി നടത്തിയതുകൊണ്ടല്ല, ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതുകൊണ്ടാണ്. തനിക്കെതിരെ ഒരു തെളിവുമില്ല.
എക്സിറ്റ് പോളുകൾ കള്ളമാണെന്നും കേജ്‌രിവാള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.
മദ്യനയ അഴിമതിക്കേസില്‍ കഴിഞ്ഞ മാര്‍ച്ച് 21ന് അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രിക്ക് 50 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ഇടക്കാല ജാമ്യം ലഭിച്ചത്. അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജിയിലെ വാദത്തിനിടെ സുപ്രീം കോടതി സ്വമേധയാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യമനുവദിക്കുകയായിരുന്നു. തന്നെ അറസ്റ്റുചെയ്തത് രാഷ്ട്രീയ വിരോധം തീര്‍ക്കാനാണെന്ന വാദമുയര്‍ത്തിയിരുന്ന കേജ്‌രിവാളിന് ജാമ്യം രാഷ്ട്രീയ വിജയവുമായി. ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യാ സഖ്യത്തിനായി പ്രചാരണത്തില്‍ സജീവമായ കേജ്രിവാള്‍ ഇന്നലെ ഇന്ത്യ സഖ്യനേതാക്കളുടെ യോഗത്തിലും പങ്കെടുത്തും.
ഇടക്കാല ജാമ്യം നീട്ടാന്‍ കേജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ രജിസ്ട്രി സ്വീകരിച്ചില്ല. ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി ബുധനാഴ്ചയായിലേക്ക് മാറ്റി. തുടര്‍ന്നാണ് ഇന്നുതന്നെ കേജ്രിവാളിന് മടങ്ങേണ്ടിവന്നത്.