ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി പ്രചാരണായുധമായിരുന്ന 'മോദി കാ പരിവാർ' സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി. ക്യാംപയിനിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞുള്ള എക്സ് പോസ്റ്റിലാണ് നരേന്ദ്രമോദിയുടെ ആവശ്യം. 'മോദി കാ പരിവാർ' പ്രചാരണത്തിലൂടെ എനിക്ക് ഒരുപാട് ശക്തി ലഭിച്ചു. ജനങ്ങൾ മൂന്നാം വട്ടവും എൻഡിഎയ്ക്ക് ഭൂരിപക്ഷം തന്നു. ഇനി മോദി കാ പരിവാർ ഒഴിവാക്കണമെന്നായിരുന്നു കുറിപ്പ്.
'തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് എന്നോടുള്ള സ്‌നേഹത്തിൻ്റെ അടയാളമായി എല്ലാവരും അവരവരുടെ സോഷ്യൽ മീഡിയയിൽ 'മോദി കാ പരിവാർ' ചേർത്തു. ഇതിൽ നിന്ന് ഒരുപാട് ശക്തി എനിക്ക് ലഭിച്ചു. ഇന്ത്യയിലെ ജനങ്ങൾ മൂന്നാം വട്ടവും എൻഡിഎയ്ക്ക് ഭൂരിപക്ഷം തന്നു, രാജ്യത്തിന്റെ ഉന്നതിക്ക് വേണ്ടി തുടർന്നും ഭരിക്കാനുള്ള അവസരം തന്നു. ഈ സന്ദേശത്തോടെ നമ്മളെല്ലാവരും ഒരു കുടുംബമാണെന്ന സന്ദേശം ഫലപ്രദമായി കൈമാറി. ഒരിക്കൽ കൂടി ഇന്ത്യയിലെ ജനങ്ങളോട് നന്ദി പറയുകയാണ്, ഇനി സോഷ്യൽ മീഡിയയിൽ നിന്ന് 'മോദി കാ പരിവാർ' ഒഴിവാക്കണമെന്ന് അപേക്ഷിക്കുന്നു. പേര് മാറ്റിയാലും ഇന്ത്യയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന കുടുംബമെന്ന നിലയിൽ നമ്മിൽ തമ്മിലുള്ള ദൃഡത ശക്തമായി തുടരും' എന്നാണ് മോദി എക്സിൽ കുറിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മോദിക്ക് കുടുംബമില്ലെന്ന ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിൻറെ പ്രസ്താവനയ്ക്ക് മറുപടിയായാണ് സോഷ്യൽ മീഡിയയിൽ 'മോദി കാ പരിവാർ' ഉയർന്ന് വന്നത്. സ്വന്തം പേരിനൊപ്പം 'മോദി കാ പരിവാർ' ചേർത്തുകൊണ്ടായിരുന്നു ബിജെപി നേതാക്കൾ ലാലുവിനെ പ്രതിരോധിച്ചത്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച മോദിക്കുള്ള മറുപടിയായണ് ലാലു ഇങ്ങനെ പറഞ്ഞത്. അതേസമയം, പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൻറെ കവർ ചിത്രത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണഘടനയെ വണങ്ങുന്ന ചിത്രമാണ് പുതിയ കവർ.