TOPICS COVERED

ചുട്ടുപൊള്ളി ഡൽഹി. ചൊവ്വാഴ്ച വരെ രാജ്യതലസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കുടിവെള്ളക്ഷാമവും അതിരൂക്ഷം. പൈപ്പ് വഴിയുള്ള ജലവിതരണം തടസ്സപ്പെടുത്താൻ ബോധപൂർവമായ ശ്രമമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. കുടിവെള്ള ക്ഷാമത്തിൽ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധിച്ചു. 

ദഹിപ്പിക്കുന്ന ചൂടിൽ വലയുകയാണ് ഡൽഹിക്കാർ. രാപകൽ വ്യത്യാസമില്ലാതെ അത്യുഷ്ണം. 45 ഡിഗ്രിയോടടുത്താണ് അന്തരീക്ഷതാപനില. വായുമലിനീകരണവും രൂക്ഷമായി. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും കടുത്ത ഉഷ്ണതരംഗത്തിലൂടെയാണ് കടന്നുപോകുന്നത്. ചൂടിന് പുറമെ കുടിവെള്ളക്ഷാമവും പരിഹാരമില്ലാതെ തുടരുന്നു. 

600 കോടി രൂപ ലാഭത്തിലുണ്ടായിരുന്ന ഡൽഹി ജലബോർഡ് ആം ആദ്മി പാർട്ടി ഭരണത്തിൽ 73,000 കോടി രൂപയുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്ന് ബിജെപി. സർക്കാർ വെള്ളടാങ്കറുകളിൽ വെള്ളമില്ലെങ്കിലും സ്വകാര്യ ടാങ്കറുകൾ പണം വാങ്ങി കുടിവെള്ള വിതരണം നടത്തുന്നത് അഴിമതിയെന്നും ആരോപണം. 

ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവമായ ശ്രമമെന്ന് വകുപ്പ് മന്ത്രി അതിഷിയുടെ മറുപടി. പൈപ്പ് ലൈനുകളിൽ മന:പൂർവം ചോർച്ചയുണ്ടാക്കാൻ ശ്രമമെന്നും പൈപ്പ് ലൈനുകളിലെ ബോൾട്ടുകൾ ഇളക്കിയും മുറിച്ചും മാറ്റിയെന്നും അതിഷി. ഡൽഹിയിലെ കുടിവെള്ള പൈപ്പ് ലൈനുകൾക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പൊലീസ് കമ്മിഷണർക്ക് കത്തയച്ചു.

ENGLISH SUMMARY:

Orange alert till Tuesday in the national capital due to intense heat