ഡല്‍ഹിയില്‍ ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്. താപനില അന്‍പത് ഡിഗ്രി കടന്നു. 24 മണിക്കൂറിനിടെ സൂര്യാഘാതമേറ്റ് 17 പേര്‍ മരിച്ചു. ഉത്തരേന്ത്യയിലാകെ മാര്‍ച്ച് ഒന്നുമുതല്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 127 ആയി. സൂര്യഘാതമേറ്റ് മരിച്ചെന്ന് സംശയിക്കുന്ന 50 പേരുടെ മൃതദേഹങ്ങള്‍ വിവിധ ഭാഗങ്ങളില്‍നിന്നായി കണ്ടെത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
തലസ്ഥാന നഗരം അക്ഷരാര്‍ഥത്തില്‍ എരിതീയിലാണ്. 24 മണിക്കൂറിനിടെ ആര്‍എംഎല്‍, സഫ്ദര്‍ജംഗ് ആശുപത്രികളിലായാണ് 17 പേര്‍ മരിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം രണ്ടുദിവസത്തിനിടെ 310 പേര്‍ ചികില്‍സതേടി. ഒട്ടേറെ പേര്‍ വെന്‍റിലേറ്ററിലാണ്. സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ഇതിലേറെ വരും. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 52 ഡിഗ്രിയും രാത്രി താപനില 38 ഡിഗ്രിവരെയും ഉയര്‍ന്നുവെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.
സൂര്യാഘാതമേറ്റ് വരുന്നവരെ ചികില്‍സിക്കാന്‍ ഐസ് ബെഡുകള്‍ ഉള്‍പ്പെടെ പ്രത്യേക സൗകര്യമൊരുക്കാന്‍ മന്ത്രി ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. അതിനിടെ തെരുവുകളില്‍ കഴിയുന്ന അന്‍പതോളം പേരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തി. ഇതില്‍ ഏറെയും സൂര്യാഘാതമേറ്റുള്ള മരണമാണെന്ന് സൂചനയുണ്ട്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഒഡീഷ സംസ്ഥാനങ്ങളിലും അത്യുഷ്ണമാണ്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണക്കനുസരിച്ച് മാര്‍ച്ച് ഒന്നുമുതല്‍ ഇതുവരെ ഉത്തരേന്ത്യയിലാകെ 127 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്. കൂടുതല്‍ മരണം ഉത്തര്‍ പ്രദേശിലാണ്. 36 പേര്‍.
ചൂട് കടുക്കുമ്പോഴും ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഹരിയാന സര്‍ക്കാര്‍ നല്‍കേണ്ട വെള്ളത്തില്‍ 100 ദശലക്ഷം ഗാലന്‍റെ കുറവുണ്ടെന്നും ഇതാണ് പ്രതിസന്ധിക്ക് കാരണമെന്നും എ.എ.പി. ആരോപിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ കുടിവെള്ള ടാങ്കര്‍ മാഫിയയ്ക്കൊപ്പമാണെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് ബി.ജെ.പി.