ബോംബെ ഐഐടിയുടെ വാർഷിക ആർട്സ് ഫെസ്റ്റിവലിൽ നാടകം കളിച്ച വിദ്യാർഥികൾക്ക് 1.20 ലക്ഷം രൂപ വീതം പിഴ. രാമാരയണത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നാടകം അവതരിപ്പിച്ചെന്ന ഒരുകൂട്ടം വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ചടക്ക സമതിയുടെ നിർദ്ദേശത്തിലാണ് നടപടി. ഒരു സെമസ്റ്റർ ഫീസിന് തുല്യമായ 1.20 ലക്ഷം രൂപ വീതമാണ് എട്ട് വിദ്യാർഥികൾക്ക് ഐഐടി ചുമത്തിയ പിഴ.
മാർച്ച് 31 നയിരുന്നു ബോംബെ ഐഐടിയിലെ വാർഷിക ആർട്സ്ഫെസ്റ്റ്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള 'രാഹോവൻ' എന്ന നാടകമാണ് വിദ്യാർഥികൾ അവതരിപ്പിച്ചത്. ഇതിൽ പ്രധാന കഥാപാത്രങ്ങളായ രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ അപമാനകരമായ രീതിയിൽ ചിത്രീകരിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു.
ശ്രീരാമനേയും രാമായണത്തേയും പരിഹസിക്കുന്ന നാടകമാണെന്ന് ചൂണ്ടിക്കാട്ടി 'ഐഐടി ബി ഫോർ ഭാരത്' എന്ന എക്സ് ഹാൻഡിൽ പ്രതിഷേധിച്ചതോടെയാണ് സംഭവം സമൂഹമാധ്യങ്ങളിൽ വൈറലായത്. രാമനെയും സീതയെയും ലക്ഷ്മണനെയും പരിഹസിക്കാൻ വിദ്യാർത്ഥികൾ അക്കാദമിക് സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തിയെന്നായിരുന്നു ഐഐടി ബി ഫോർ ഭാരത്' ഗ്രൂപ്പിന്റെ പ്രതിഷേധം. രാമായണം അടിസ്ഥാനമാക്കിയുള്ള നാടകത്തിൽ രാമനെയും ഹിന്ദുയിസത്തെയും അപമാനിക്കുന്നുവെന്ന് ഒരുകൂട്ടം വിദ്യാർഥികളുടെ പരാതിയും ഇതിന് പിന്നാലെയെത്തി.
മേയ് എട്ടിന് ചേർന്ന അച്ചടക്ക സമിതി പരാതി പരിഗണിക്കുകയും ജൂൺ നാലിന് പിഴ ചുമത്തുകയുമായിരുന്നു. ജൂലായിൽ ബിരുദം നേടാനിരിക്കുന്ന വിദ്യാർഥികൾക്ക് 1.2 ലക്ഷം രൂപ വീതമാണ് പിഴ. ഇവരെ ജിംഖാന അവാർഡിന് പരിഗണിക്കുകയുമില്ല. ജൂനിയർ വിദ്യാർത്ഥികൾക്ക് 40,000 രൂപ വീതമാണ് പിഴ. ഇതോടൊപ്പം ഹോസ്റ്റൽ സൗകര്യങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തു.