നാളെ നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും അതേസമയം നീറ്റ്, നെറ്റ് പരീക്ഷാവിവാദങ്ങള്‍ക്കിടെ ദേശീയ പരീക്ഷ ഏജന്‍സിയുടെ ഡി.ജി സുബോധ്കുമാറിനെ മാറ്റി. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് ഖരോളയ്ക്ക് പകരം ചുമതല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതിനിടെ, ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആറുപേര്‍കൂടി അറസ്റ്റിലായി. പിടിയിലായവരില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയും പിതാവും. 40 ലക്ഷം രൂപ നല്‍കിയാണ് ചോദ്യപേപ്പര്‍ സംഘടിപ്പിച്ചതെന്ന് പിതാവിന്‍റെ മൊഴി. ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് അന്വേഷണ റിപ്പോർട്ട് കൈമാറി. നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒരാളെ സിബിഐ യുപിയില്‍നിന്നും കസ്റ്റഡിയിലെടുത്തു. മാറ്റിവച്ച സിഎസ്ഐആര്‍–നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നതായാണ് സൂചന.
ജാര്‍ഖണ്ഡിലെ ദിയോഗഡില്‍നിന്നും റാഞ്ചിയില്‍നിന്നുമാണ് ബിഹാര്‍ പൊലീസ് വിദ്യാര്‍ഥികളെയടക്കം അറസ്റ്റ് ചെയ്തത്. നീറ്റ് പരീക്ഷയുടെ തലേദിവസമാണ് ഇവരില്‍ പലര്‍ക്കും ചോദ്യപേപ്പര്‍ ലഭിച്ചത്. 40 ലക്ഷം രൂപ നല്‍കിയാണ് മകനുവേണ്ടി ചോദ്യപേപ്പര്‍ സംഘടിപ്പിച്ചതെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് മൊഴി നല്‍കി. 30 വിദ്യാര്‍ഥികളെങ്കിലും പണം നല്‍കി ചോദ്യപേപ്പര്‍ സംഘടിപ്പിച്ചെന്ന് അന്വേഷണസംഘം. നീറ്റ് ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിൽനിന്നാണെന്ന് കണ്ടെത്തി. ചോദ്യപേപ്പർ ചോർച്ചയില്‍ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറി.
കത്തിച്ച ചോദ്യപേപ്പറുകള്‍, ഒഎംആര്‍ ഷീറ്റുകളടക്കം തെളിവുകളായി സമര്‍പ്പിച്ചു. പണമിടപാട് സംബന്ധിച്ച വിശദാംശങ്ങളും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. അതിനിടെ, നെറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ യുപിയിലെ കുഷിനഗറില്‍നിന്ന് നിഖില്‍ എന്നയാളെ പിടികൂടി. യുജിസി നെറ്റിന് പിന്നാലെ സിഎസ്ഐആര്‍ നെറ്റ് ചോദ്യപേപ്പറും ചോർന്നതായാണ് വിവരം. ഡാർക് വെബിൽ ചോദ്യപേപ്പർ കണ്ടെത്തിയതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിൽ അധ്യാപക യോഗ്യത പരീക്ഷയും മാറ്റി. ജൂൺ 26 മുതൽ 28 വരെ നടക്കേണ്ട പരീക്ഷയാണ് സംസ്ഥാന സർക്കാർ മാറ്റിയത്.
ഗുജറാത്തിലെ നീറ്റ് ക്രമക്കേടിൽ കൂടുതല്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതികളാകും. ചോദ്യപേപ്പര്‍ ചോര്‍ന്നതിന്‍റെ ധാര്‍മിക ഉത്തരവാദിത്തം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍. സര്‍ക്കാരിനെക്കൊണ്ട് ലോക്സഭയില്‍ ഉത്തരം പറയിക്കുമെന്നും അദ്ദേഹം പറഞ്ഞു.