memu

സുഹൃത്തുക്കള്‍ക്കോ പരിചയക്കാര്‍ക്കോ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് നല്‍കിയാല്‍ പിഴയിടാക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ഐ.ആര്‍.സി.ടി.സി. ഔദ്യോഗിക പേജിലൂടെയാണ് ഐ.ആര്‍.സി.ടി.സി ഈ  വിവരം അറിയിച്ചത്. ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമം പഴയതുപോലെ തന്നെ തുടരുമെന്നും ബുക്കിംഗ് നിയമങ്ങളിൽ മാറ്റമില്ലെന്നും ഇന്ത്യൻ റെയിൽവേ സ്ഥിരീകരിച്ചു. 

train

സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി നിങ്ങളുടെ സ്വകാര്യ ഐആർസിടിസി ഉപയോക്തൃ ഐഡി ഉപയോഗിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രക്കാരുടെ കുടുംബപ്പേര് അടിസ്ഥാനമാക്കി ബുക്കിംഗിന്  നിയന്ത്രണമില്ല. അതായത് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ആർക്കും ടിക്കറ്റ് ബുക്ക് ചെയ്യാം. 

സുഹൃത്തുക്കൾക്കോ ​​മറ്റുള്ളവർക്കോ വേണ്ടിയുള്ള ബുക്കിംഗിന് 10,000 രുപ പിഴയായി ഈടാക്കുമെന്നും അല്ലെങ്കിൽ 3 വർഷം വരെ തടവ്, അല്ലെങ്കിൽ രണ്ടും എന്നാണ് പ്രചരിച്ചിരുന്നത്. ​​അതേ കുടുംബപ്പേരുള്ളവര്‍ക്കും മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്നും റെയിൽവേ നിയമത്തിലെ 143-ാം വകുപ്പ് അനുസരിച്ച്, ഔദ്യോഗികമായി നിയോഗിക്കപ്പെട്ട ഏജന്‍റുമാർക്ക് മാത്രമേ മറ്റൊരാള്‍ക്കായി ബുക്കിംഗ് നടത്താൻ അധികാരമുള്ളൂ എന്നും പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത വ്യാജമാണെന്നാണ് ഐ.ആര്‍.സി.ടി.സി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

indian-railway

വാണിജ്യ വിൽപ്പന നിരോധന നിയമം അനുസരിച്ച് വ്യക്തിഗത ഉപയോക്തൃ ഐഡികൾ ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ കർശനമായി വ്യക്തിഗത ഉപയോഗത്തിനുള്ളതാണ്. ഈ ടിക്കറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു, 1989-ലെ റെയിൽവേ നിയമത്തിലെ 143-ാം വകുപ്പ് പ്രകാരം ഇത് കുറ്റമായി കണക്കാക്കപ്പെടുന്നു. ഈ നിയമം ലംഘിക്കുന്നത് പിഴയും തടവും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾക്ക് ഇടയാക്കും.

ഐആർസിടിസി ഐഡി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഉപയോക്താക്കൾക്ക് പ്രതിമാസം 24 ടിക്കറ്റുകൾ വരെ ബുക്ക് ചെയ്യാൻ കഴിയും, അതേസമയം ആധാർ ലിങ്ക് ചെയ്യാത്തവര്‍ക്ക് 12 ടിക്കറ്റുകളാണ് പരിധി. എസി ടിക്കറ്റുകൾക്കുള്ള തത്കാൽ ബുക്കിംഗ് രാവിലെ 10 മണിക്കും നോൺ എസി ടിക്കറ്റുകൾക്ക് രാവിലെ 11 മണിക്കുമാണ് ആരംഭിക്കുക.