ram-temple-leaking

പ്രാണപ്രതിഷ്ഠ കഴിഞ്ഞ് ആറുമാസമാകും മുമ്പേ അയോധ്യയിലെ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയെന്ന്  മുഖ്യ പുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. ഒട്ടേറെ എന്‍ജിനീയര്‍മാര്‍  സ്ഥലത്തുണ്ടായിട്ടും, മേല്‍ക്കൂര ഇപ്പൊഴേ ചോര്‍ന്നൊലിക്കുകയാണ്.  ഇങ്ങനെ സംഭവിച്ചെന്ന് ആര്‍ക്കും ബോധ്യമില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 

ആദ്യ മഴ ലഭിച്ചതിന് പിന്നാലെ തന്നെ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടായി. രാംലല്ല വിഗ്രഹമിരിക്കുന്നതിന് സമീപം തന്നെയാണ് ചോര്‍ച്ചയെന്നും പുരോഹിതന്‍ വെളിപ്പെടുത്തി. പുതിയ മന്ദിരത്തില്‍  വെള്ളം ഒഴുകിപ്പോകുന്നതിന്  മതിയായസൗകര്യങ്ങളില്ല. ചോര്‍ന്നൊലിച്ചെത്തുന്ന വെള്ളം വിഗ്രഹത്തിന് സമീപം കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 2025 ജൂലൈയോടെ രാമക്ഷേത്രം പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ പ്രതിഷ്ഠ നേരത്തെയാക്കാന്‍  തിടുക്കപ്പെട്ട് പണി പൂര്‍ത്തീകരിച്ചത് അപാകതകള്‍ക്ക് വഴിവച്ചെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. .

രാമക്ഷേത്രത്തിന്‍റെ നിര്‍മാണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചോര്‍ച്ച പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രാര്‍ഥനകളെയും ചടങ്ങുകളെയും അത് ബാധിക്കും. മഴക്കാലമാകുന്നതോടെ പൂജാദികര്‍മങ്ങള്‍ നിര്‍വഹിക്കാന്‍  കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ആചാര്യ സത്യേന്ദ്ര ആശങ്ക പ്രകടിപ്പിച്ചു.  2024 ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. 

 
ENGLISH SUMMARY:

The chief priest of Ram Mandir said the temple's roof started leaking right after the first rains. Acharya Satyendra Das said water leakage started specifically near the location where the Ram Lalla idol is housed.