കൊടുംചൂടില്‍ പൊള്ളിയ ഡല്‍ഹിക്ക് ആശ്വാസമായാണ് മഴ പെയ്തത്. പക്ഷേ നന്നായൊന്ന് പെയ്തപ്പോള്‍ ബാക്കിയായത് ദുരിതം മാത്രം. സാധാരണക്കാര്‍ മാത്രമല്ല, വി.ഐ.പികളും വെള്ളക്കെട്ടില്‍ വലഞ്ഞു. നാലുദിവസം മുന്‍പുവരെ പൊള്ളുന്ന ചൂടായിരുന്നു ഡല്‍ഹിയിലെ അവസ്ഥ. ഒരു മഴ പെയ്താല്‍ എന്ന് എല്ലാവരും ആഗ്രഹിച്ചു. ഒടുവില്‍ മഴ പെയ്തപ്പോഴോ, നഗരം മുഴുവന്‍ വെള്ളത്തിലായി.
ഇന്നലെ വെറും നാലുമണിക്കൂറാണ് മഴ പെയ്തത്. പക്ഷേ റോഡും വാഹനങ്ങളും മുങ്ങിത്താഴ്ന്നു. കാല്‍നടയാത്രക്കാര്‍ നീന്തേണ്ട അവസ്ഥ. സമാജ് വാദി പാര്‍ട്ടി എം.പി. റാം ഗോപാല്‍ യാദവിനെ പൊക്കിയെടുത്താണ് വാഹനത്തില്‍ എത്തിച്ചത്. വെള്ളത്തിനായി സമരം ചെയ്ത മന്ത്രി അതിഷിയുടെ വീടിനുമുന്നിലും ആവശ്യത്തിലധികം വെള്ളം നിറഞ്ഞു
ബി.ജെ.പി കൗണ്‍സിലര്‍ രവീന്ദ്രസിങ് നേഗി ബോട്ടുമെടുത്താണ് റോഡിലിറങ്ങിയത്. എ.എ.പി സര്‍ക്കാരിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ഇത്. റോഡിലെ വെള്ളക്കെട്ടിന്‍റെ ചിത്രം ശശി തരൂര്‍ എം.പിയും പങ്കുവച്ചു. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ മഴ പെയ്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.