ഹാഥ്റസ് ദുരന്തക്കേസില്‍ ആറുപേര്‍ അറസ്റ്റില്‍. സത്‌സംഗം സംഘാടക സമിതി അംഗങ്ങളാണ് അറസ്റ്റിലായത്. മുഖ്യസംഘാടകനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.  സത്സംഗത്തെ നയിച്ച ഭോലെ ബാബയെ  ഇതുവരെ കണ്ടെത്താനായിട്ടില്ല. 

121 പേരുടെ ജീവന്‍പൊലിഞ്ഞ ഹാഥ്റസ് ദുരന്തത്തിന്‍റെ രണ്ടാംദിനം കേസില്‍ ആദ്യ അറസ്റ്റ്. സത്സംഗം  സംഘാടക സമിതി അംഗങ്ങളും പരിപാടിയില്‍ സേവകരായും പ്രവര്‍ത്തിച്ച രണ്ട് സ്ത്രീകളുള്‍പ്പെടെ ആറു പേരാണ് അറസ്റ്റിലായത്. ഇവരുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തിക്കുംതിരക്കുമുണ്ടായപ്പോള്‍ നിയന്ത്രിക്കാനോ സഹായിക്കാനോ നില്‍ക്കാതെ ഇവര്‍ കടന്നുകളയുകയായിരുന്നു.

പ്രധാന സംഘാടകന്‍ പ്രകാശ് മധുകറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കും. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐ.ജി. സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബ സത്സംഗത്തിനുശേഷം അംഗരക്ഷകരുടെ അകമ്പടിയോടെ വാഹനത്തില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.  ഭോലെ ബാബ ഒളിവിലാണെന്നും ഫോണ്‍ വിവരങ്ങളുള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷിക്കുന്നുവെന്നുമാണ് പൊലീസിന്‍റെ വിശദീകരണം. കേസില്‍ ബാബയെ പ്രതിചേര്‍ത്തിട്ടുമില്ല. ദുരന്തത്തില്‍ മരിച്ച 121 പേരെയും തിരിച്ചറിഞ്ഞു, പോസ്റ്റ്‌മോർട്ടം നടപടികളും പൂർത്തിയായി. 

ENGLISH SUMMARY:

'Satsang' Organisers Among 6 Arrested