bhole-baba

യുപി സർക്കാർ മൃദു സമീപനം വെടിഞ്ഞ് ഭോലെ ബാബയ്ക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹാഥ്റസ് നിവാസികൾ മനോരമ ന്യൂസിനോട്. 121 പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടും സംഭവസ്ഥലത്തുനിന്ന് ഒളിവിൽ പോയ ഭോലെ ബാബയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അന്ധവിശ്വാസങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. അതേസമയം ഉന്തും തള്ളും ഉണ്ടാക്കിയ സാമൂഹിക വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഭോലെ ബാബയുടെ അഭിഭാഷകന്റെ വാദം. 

 

121 പേരുടെ മരണത്തിനിടയാക്കിയ സത്സംഗ് നടത്തിയ ഭോലെ ബാബയെ രണ്ടുദിവസം പിന്നിട്ടിട്ടും യുപി പോലീസിന് കണ്ടെത്താനായിട്ടില്ല. രജിസ്റ്റർ ചെയ്ത എഫ്ഐആറിലും ഭോലെ ബാബയുടെ പേരില്ല. സംഘാടകരിലേക്ക് മാത്രം കുറ്റങ്ങൾ ചാരി ഭോലെ ബാബയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നാണ് ഹത്രാസ് നിവാസികളുടെ ആവശ്യം. 

ഭോലേ ബാബ സത്സംഗ് വേദി വിട്ടതിനുശേഷം ആണ് അപകടം ഉണ്ടായിട്ടുള്ളതെന്നും അപകടത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നുമാണ് ബാബയുടെ അഭിഭാഷകൻ എപി സിംഗിന്റെ വാദം. ഇക്കാര്യം ഭോലെബാബ ഇന്നലെ കത്തിലൂടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനിടെ സർക്കാർ അന്വേഷണത്തിനായി അലഹബാദ് ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി  ബ്രിജേഷ് കുമാർ ശ്രീവാസ്തവ, മുൻ ഐഎഎസ് ഹേമന്ത് റാവു, മുൻ ഐഎഎസ് ഭവേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു.