- 1

പാർലമെന്റിലെ പ്രസം​ഗത്തിൽ ഹിന്ദുമതത്തെ അവഹേളിക്കുന്ന ഒരു വാക്കുപോലും രാഹുൽ ഗാന്ധി ഉച്ചരിച്ചിട്ടില്ലെന്ന് ഉത്തരാഖണ്ഡ് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി.  പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുൽ ​ഗാന്ധി ഹിന്ദുമതത്തെ അവഹേളിച്ചുവെന്ന്  വിമർശനമുയർത്തുന്ന പശ്ചാത്തലത്തിലാണ് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പകുതി മാത്രം കാണിക്കുന്നതെന്ന് വലിയ കുറ്റമാണെന്ന് കൂടി സ്വാമി അഭിപ്രായപ്പെട്ടു. 

'ഞങ്ങൾ രാഹുലിന്റെ പ്രസംഗം ആദ്യാവസാനം കേട്ടു. ആ പ്രസം​ഗത്തിലെവിടെയും ഹിന്ദുമതത്തിനെതിരെ ഒരു വാക്കുപോലും പറയുന്നില്ല. അദ്ദേഹം പറഞ്ഞത് ഹിന്ദുമതത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്നാണ്.  ആ പ്രസം​ഗം തെറ്റായി പകുതി മാത്രം പ്രചരിപ്പിക്കുന്നതാണ് വലിയ തെറ്റ്. അവരാണ് ശിക്ഷിക്കപ്പെടേണ്ടത്' - സ്വാമി അവിമുക്തേശ്വരാനന്ദ വ്യക്തമാക്കി. കോൺ​ഗ്രസ് എക്സിലൂടെ സ്വാമിയുടെ പ്രതികരണം പങ്കുവെച്ചിട്ടുണ്ട്. 

രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ  ‘ഹിന്ദു’ പരാമര്‍ശമടക്കം സഭാരേഖകളില്‍ നിന്ന് നീക്കിയിരുന്നു. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സത്യത്തെ നീക്കാനാവില്ലെന്നുമാണ് രാഹുല്‍ പ്രതികരിച്ചത്.  നീക്കിയ പരാമര്‍ശങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി. 

രാഹുല്‍ ഗാന്ധിയുടെ വിവാദമായ പരാമര്‍ശമാണ് സഭാരേഖകളില്‍ നിന്ന് സ്പീക്കര്‍ നീക്കിയത്. പ്രധാനമന്ത്രി അടക്കം കടുത്ത വിമര്‍ശനം ഉയര്‍ത്തുകയും മന്ത്രിമാര്‍ സ്പീക്കറെ നേരില്‍ കണ്ട് പരാമര്‍ശം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി. പ്രധാനമന്ത്രിക്കെതിരെയും ആര്‍.എസ്.എസിനെതിരെയും നടത്തിയ ചില പരാമര്‍ശങ്ങളും രേഖയില്‍നിന്ന് നീക്കി. 

ഹിന്ദുക്കളെന്ന് നടിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഭരണപക്ഷത്തെ നോക്കി രാഹുല്‍ തുറന്നടിച്ചത്. പരമശിവന്‍റെ ചിത്രത്തിലെ അഭയമുദ്ര ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് പ്രസംഗം ആരംഭിച്ചത്. അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെയും ചിഹ്നം. ആരെയും ഭയക്കരുത് എന്ന സന്ദേശമാണ് അഭയമുദ്രയിലൂടെ ഭഗവാന്‍ തരുന്നതെന്ന് പറഞ്ഞ രാഹുല്‍  എല്ലാ മതങ്ങളും അതാണ് പഠിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദുമതം അഹിംസയുടെയും സത്യത്തിന്‍റെയും മതമാണെന്നും പറഞ്ഞു. എന്നാല്‍ ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന ചിലര്‍ വെറുപ്പും ഹിംസയും അസത്യവും പ്രചരിപ്പിക്കുന്നു എന്ന് ഭരണപക്ഷത്തെനോക്കി പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ENGLISH SUMMARY:

Rahul Gandhi did not insult Hindu religion: Swami Avimukteshwaranand Saraswati