ഉത്തർ പ്രദേശില്‍ റോഡ് തകരുന്നതിന്‍റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ലഖ്നൗവിലെ വികാസ് നഗർ ഭാഗത്തെ റോഡിന് നടുവിലാണ് വലിയ കുഴി രൂപപ്പെട്ടത്. റോഡില്‍ വിള്ളല്‍ കാണപ്പെടുന്നതും, റോഡ് പെട്ടന്ന് താഴേയ്ക്ക് പതിക്കുന്നതുമാണ് വിഡിയോ. ആളുകള്‍ ചുറ്റും കൂടി നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. 

ദൃശ്യങ്ങള്‍ പകര്‍ത്തുന്നയാള്‍ ഇതുവഴി വരുന്ന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. അഴിമതിയാണ് റോഡ് തകരാന്‍ കാരണമെന്നാണ് ജനങ്ങള്‍ പറയുന്നത്.  നേതാക്കളും മന്ത്രിമാരും ഇത്തരം അവസ്ഥകള്‍ ഒന്നുമറിയാതെ ആഘോഷിച്ചു നടക്കുകയാണെന്നും സാധാരണക്കാരാണ് ഇത്തരം കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുന്നതെന്നും ജനങ്ങള്‍ ആരോപിക്കുന്നു. 

കുറച്ചു ദിവസങ്ങളായി കനത്ത മഴയാണ് ഉത്തർ പ്രദേശിൽ ലഭിക്കുന്നത്. ലഖ്നൗ അടക്കം പല നഗരങ്ങളും വെള്ളത്തിലായിട്ടുണ്ട്. ഇതിന്റെ ധാരാളം വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്രം ചോർന്നൊലിക്കുന്നതും കോടികൾ ചെലവഴിച്ച് ക്ഷേത്രത്തിലേക്ക് നിർമിച്ച റോഡുകൾ തകർന്നതുമെല്ലാം വലിയ വാർത്തയായിരുന്നു.പിന്നാലെയാണ് റോഡ് തകരുന്ന വിഡിയോയും വ്യാപകമായി പ്രചരിക്കുന്നത്.

ENGLISH SUMMARY:

A video of a road collapse in Uttar Pradesh is going viral on social media