ആന്ധ്രാപ്രദേശില്‍ എട്ടുവയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. 13 വയസ്സുള്ള ഏഴാം ക്ലാസുകാരനും 12 വയസ്സുള്ള രണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥികളാണ് പ്രതികള്‍. വിദ്യാര്‍ഥിനിയുടെ തന്നെ സ്കൂളിലാണ് ഇവരും പഠിക്കുന്നത്.
പാർക്കിൽ കളിച്ചുകൊണ്ടിരുന്ന മകളെ കാണാനില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ഞായറാഴ്ച പരാതി നൽകിയിരുന്നു. മുച്ചുമാരി പാർക്കിൽ വ്യാപക തിരച്ചിൽ നടത്തിയിട്ടും നാട്ടുകാരെ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് പൊലീസ് നായയെ സംഭവ സ്ഥലത്തേക്ക് കൊണ്ടുവരുന്നത്. മൂന്ന് ആൺകുട്ടികളുടെ താമസസ്ഥലത്തേക്കാണ് നായ എത്തിയത്. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിൽ ആൺകുട്ടികൾ പിടിയിലായി.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതായി ആൺകുട്ടികൾ സമ്മതിച്ചതായാണ് റിപ്പോർട്ട്. പെൺകുട്ടി മുച്ചുമാരി പാർക്കിന് സമീപം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആൺകുട്ടികള്‍ കുട്ടിയോട് തങ്ങളുടെ കൂടെ കളിക്കാന്‍ ആവശ്യപ്പെടുകയും ശേഷം മുച്ചുമാരി ജലസേചന പദ്ധതിക്ക് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് യുവതിയെ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
പീഡനവിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്ന് ഭയന്നാണ് കൊലപാതകം നടത്താൻ തീരുമാനിച്ചത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം സമീപത്തെ കനാലിൽ ഉപേക്ഷിച്ച് ഇവർ ഓടി രക്ഷപ്പെട്ടു.