പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമൂഹമാധ്യമമായ ‘എക്സിൽ’ പിന്തുടരുന്നവരുടെ എണ്ണം 10 കോടി (100 മില്യണ്‍) കവിഞ്ഞു. ഇതോടെ എക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാക്കളില്‍ ഒരാള്‍ എന്ന സ്ഥാനം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ് മോദി. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകള്‍ പിന്തുടരുന്ന 10 അക്കൗണ്ടുകളിൽ ഒന്നാണ് നരേന്ദ്രമോദിയുടെ എക്സ് അക്കൗണ്ട്.
മറ്റ് ലോക നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെക്കാൾ കൂടുതല്‍ ഫോളോവേഴ്സാണ് നിലവില്‍ നരേന്ദ്രമോദിക്കുള്ളത്. 3.8 കോടി (38 മില്യണ്‍) ഫോളോവേഴ്സാണ് ജോ ബൈഡനുള്ളത്. അതേസമയം യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയെ 13.1 കോടിയാളുകൾ പിന്തുടരുന്നണ്ട്. എക്സ് ഉടമയായ ഇലോൺ മസ്കാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന അക്കൗണ്ടുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 18.87 (188.7 മില്യണ്‍) കോടിയാളുകളാണ് മസ്കിനെ പിന്തുരുന്നത്.
‘എക്സില്‍ നൂറ് കോടി! ഈ ഊർജ്ജസ്വലമായ പ്ലാറ്റ്ഫോമില്‍ തുടരാന്‍ സാധിക്കുന്നതിലും ഇവിടെ നടക്കുന്ന ചര്‍ച്ചകളിലും ക്രിയാത്മകമായ വിമർശനങ്ങളിലും ഞാന്‍ അതീവ സന്തുഷ്ടനാണ്. ജനങ്ങളുടെ അനുഗ്രഹങ്ങളും ഉൾക്കാഴ്ചകളും ഞാന്‍ വിലമതിക്കുന്നു. ഭാവിയിലും ഇതുപോലെ ഇടപഴുകാന്‍ കഴിയട്ടെ എന്നുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്’, പത്തു കോടി ഫോളോവേഴ്സ് തികഞ്ഞതിന്‍റെ സന്തോഷം പങ്കിട്ട് നരേന്ദ്രമോദി കുറിച്ചു.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 8.74 കോടി (87.4 മില്യണ്‍) ഫോളോവേഴ്സാണുള്ളത്. ഇന്ത്യയിലാകട്ടെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് 3.52 കോടിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് 2.6 കോടിയുമാണ് എക്സ് അക്കൗണ്ടിലെ ഫോളോവേഴ്സ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് 2.7 കോടി. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെൻഡുൽക്കറിന് 4 കോടിയും വിരാട് കോലിക്ക് 6.41 കോടിയുമാണ് ഫോളോവേഴ്സ്.
ടെയ്‌ലർ സ്വിഫ്റ്റ് (95.3 മില്യണ്‍), ലേഡി ഗാഗ (83.1 മില്യണ്‍), കിം കർദാഷിയാൻ (75.2 മില്യണ്‍) തുടങ്ങിയ ആഗോള സെലിബ്രിറ്റികളെയും അത്‌ലറ്റുകളെയും ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ മോദി മറികടന്നു കഴിഞ്ഞു. ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ (63.6 മില്യണ്‍), അമേരിക്കൻ ബാസ്‌ക്കറ്റ്‌ബോൾ താരം ലെബ്രോൺ ജെയിംസ് (52.9 മില്യണ്‍) എന്നിവരേക്കാൾ കൂടുതൽ അനുയായികളാണ് മോദിക്കുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ മാത്രം പ്രധാനമന്ത്രി മോദിയുടെ എക്‌സ് ഹാൻഡിൽ ഏകദേശം 30 മില്യണ്‍ ഫോളോവേഴ്‌സ് വർദ്ധിച്ചിട്ടുണ്ട്.
അതേസമയം നരേന്ദ്ര മോദിയുടെ യൂട്യൂബിൽ 25 മില്യണ്‍ സബ്സ്ക്രൈബേഴ്സും ഇൻസ്റ്റാഗ്രാമിൽ 91 മില്യണിലധികം ഫോളോവേഴ്‌സുമാണുള്ളത്. ഫെയ്സ്ബുക്കില്‍ 46 മില്യണ്‍ ഫോളോവേഴ്സും മോദിക്കുണ്ട്.