modi-musk

സമൂഹമാധ്യമമായ എക്സില്‍ 100 മില്യണ്‍ ഫോളേവേഴ്സ് എന്ന നേട്ടം കൈവരിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിനന്ദനമറിയിച്ച് എക്സ് മേധാവിയും ടെസ്​ല സ്ഥാപകനുമായ ഇലോണ്‍ മസ്ക്. മോദിയെ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടതോടെയാണ് അഭിനന്ദനമറിയിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തിയത്. ‘ഏറ്റവും അധികം പേര്‍ പിന്തുടരുന്ന ലോക നേതാവായ നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍’ എന്നാണ് മസ്ക് എക്സില്‍ കുറിച്ചത്. 

ജൂലൈ 14നാണ് എക്സില്‍ 100 മില്യണ്‍ ഫോളേവേഴ്സിനെ സ്വന്തമാക്കിയിരിക്കുന്നു എന്ന സന്തോഷവാര്‍ത്ത മോദി പങ്കുവച്ചത്. മുൻ അമേരിക്കന്‍  പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ് നരേന്ദ്ര മോദി. 131 ദശലക്ഷം ഫോളോവേഴ്‌സാണ് ബറാക് ഒബാമയ്‌ക്കുള്ളത്. അതായത് 13.1 കോടി ഫോളോവേഴ്സ്. ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപാണ്. 8.7 കോടി പേരാണ് ട്രംപിനെ എക്‌സിൽ പിന്തുടരുന്നത്.

നാലാം സ്ഥാനത്തുളളത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനാണ്. 3.8 കോടി ആളുകളാണ് എക്സില്‍ ബൈഡനെ പിന്തുടരുന്നത്. ലോകനോതാക്കളുടെ ഫോളേവേഴ്സിന്‍റെ എണ്ണവും പട്ടികയും ഇങ്ങനെയൊക്കെയാണെങ്കിലും എക്സില്‍ ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന വ്യക്തി ശതകോടീശ്വരനും എക്സ് മേധാവിയും ടെസ്​ല സ്ഥാപകനുമായ ഇലോണ്‍ മസ്ക് തന്നെയാണ്. 19 കോടിയിലധികം ആളുകളാണ് എക്സില്‍ മസ്കിനെ പിന്തുടരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ചിരിക്കുന്നത് ബറാക് ഒബാമയാണ്. മൂന്നാം സ്ഥാനത്തുളളത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 12 കോടിയിലധികം പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുടരുന്നത്. 

ടെയ്‌ലര്‍ സ്വിഫ്റ്റ്, കിം കര്‍ദാഷിയന്‍. ലേഡി ഗാഗ, നെയ്മര്‍ എന്നിങ്ങനെയുളള പ്രമുഖ താരങ്ങളെ പിന്തളളിയാണ് 100 മില്യണ്‍ ഫോളേവേഴ്സ് എന്ന നേട്ടം ഇന്ത്യന്‍ പ്രധാനമന്ത്രി മോദി സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം വിരാട് കോലി അടക്കമുളള ഇന്ത്യന്‍ താരങ്ങളും പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്. 

ENGLISH SUMMARY:

Elon Musk Congratulates PM Modi On Becoming Most Followed Leader On X