'' അവിടെയുള്ളത് എന്‍റെ മോനാണ്. എന്‍റെ മകന്‍ ജീവനോടെ വരുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടു. നിങ്ങള്‍ക്ക് അറിയില്ല. ഞാനും എന്‍റെ മോനും അവന്‍റെ ഭാര്യയും സുഹ്യത്തുക്കളെപ്പോലെയാണ്. ഇതുപോലൊരു കുടുംബം നിങ്ങള്‍ വേറെ എവിടേയും കാണില്ല. സഹിക്കാന്‍ പറ്റുന്നില്ല ഞങ്ങള്‍ക്ക്. നിങ്ങള്‍ക്കറിയാമോ ഞാനിങ്ങനെ മനസില്‍ ആലോചിച്ചു എന്‍റെ മോന്‍ അതിജീവിക്കാന്‍ ശ്രമിക്കുന്നതും തളര്‍ന്നു പോകുന്നതുമൊക്കെ. ഒാര്‍മ മറയും വരെ അവന്‍ ഞങ്ങളെ ഓര്‍ത്തുവിഷമിച്ചു കാണും.'' ഉള്ളുലഞ്ഞ് അര്‍ജുന്‌റെ അമ്മ ഷീല പറയുന്നു.
'മനസുകൊണ്ട് സംസാരിക്കുന്നവരാണ് ഞങ്ങള്‍ .ഒരാളുടെ ചിന്ത ഞങ്ങള്‍ക്ക് മൂന്നുപേര്‍ക്കും മനസിലാകും. സഹിച്ചു സഹിച്ചു എനിക്കിപ്പോ എന്താണ് പറയേണ്ടതെന്ന് പോലുമറിയില്ല. സൈന്യം വന്നു, ഒരു ഉപകരണങ്ങളുമില്ലാതെ അവര്‍ കോമാളികളെ പോലെ നോക്കി നില്‍ക്കുന്ന അവസ്ഥയാണ് ആദ്യമുണ്ടായതെന്ന് ഞാനറിഞ്ഞു.
ഒരു മനുഷ്യന് ഇത്രേയുള്ളോ വില. വലിയൊരു കുഴിയുണ്ട് അവിടെ. അതില്‍ തിരയാതെ അവിടേയ്ക്ക് എടുക്കുന്ന മണ്ണൊക്കെ മാറ്റിയിടുകയാണ്. എന്‍റെ ഇളയ മകനടക്കം അവിടെയുണ്ട്. ലോറിയുടെ ഉടമ മനാഫുമുണ്ട്. അവരൊക്കെ പറയുന്നത് കേട്ടിട്ട് സഹിക്കാനാവുന്നില്ല.
എന്‍റെ മകന്‍ ജീവനോടെ വരുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടു.പക്ഷെ അവനെന്ത് സംഭവിച്ചുവെന്ന് എനിക്കറിയണം. പട്ടാള കുടുംബമാണ് ഞങ്ങളുടേതും. അഭിമാനമായിരുന്നു അതില്‍. ഇപ്പോ എല്ലാ വിശ്വാസവും പോയി. ഞാനിനി എന്തു ചെയ്യണം, ആരോട് പറയണം. കാണാതായ മറ്റുള്ളവരുടെ ബന്ധുക്കളെയൊക്കെ ആട്ടിപ്പായിക്കുകയാണ്.'
അര്‍ജുനെ കാണാതായി ഏഴാംദിനവും ലോറിയും അര്‍ജുനും എവിടെയെന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ല. ലോറി കരയില്‍ ഇല്ലെന്ന് ഉറപ്പിച്ച് സൈന്യവും മടങ്ങുകയാണ്. അര്‍ജുനെക്കുറിച്ച് ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് അര്‍ജുന്‍റെ കുടുംബം അതിവൈകാരികമായി പ്രതികരിച്ചത്.