ഷിരൂരില്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിന് വേഗവും ലക്ഷ്യബോധവും ഇല്ലെന്ന് പരാതി. രക്ഷാപ്രവര്‍ത്തനത്തിന് കേരളത്തില്‍ നിന്നെത്തിയവരോട് കര്‍ണാടക ഉദ്യോഗസ്ഥര്‍ ‘ഷോ’ കാട്ടുകയാണെന്ന് ലോറി ഉടമ മനാഫ്. ‘രക്ഷാപ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയത് ഉദ്യോഗസ്ഥര്‍ക്ക് ഇഷ്ടപ്പെട്ടിരിക്കില്ല. കേരളത്തില്‍ നിന്നെത്തിയ നാല്‍പ്പതോളം വളണ്ടിയര്‍മാരും നാല് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും നാല് പൊലീസ് ഉദ്യോഗസ്ഥരുമാണ് ഷിരൂരിലുള്ളത്. ഇവര്‍ ഉടന്‍ തിരിച്ചുപോകണമെന്നാണ് കര്‍ണാടക ഉദ്യോഗസ്ഥരുടെ ആവശ്യം’.
ജീവന് ഭീഷണിയുണ്ടെന്നും ഈ മേഖലയില്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നുമാണ് കര്‍ണാടക ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ ഏഴുദിവസവും അവര്‍ ഇതുതന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. അത്തരമൊരു സാഹചര്യം ഇവിടെ ഉള്ളതായി തോന്നുന്നില്ലെന്നും മനാഫ് പറഞ്ഞു. സന്നദ്ധപ്രവര്‍ത്തകര്‍ സൈന്യത്തിനോ മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ലെന്നും എല്ലാ സേനകളും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും കേരളത്തില്‍ നിന്നെത്തിയവര്‍ പറയുന്നു.
തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കേ സന്നദ്ധപ്രവര്‍ത്തകരെ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്നത് തികച്ചും വേദനാജനകമാണെന്നാണ് മലയാളികളുടെ നിലപാട്. കലക്ടറെ കാര്യങ്ങള്‍ ധരിപ്പിച്ച് ഷിരൂരില്‍ തുടരാന്‍ അനുമതി വാങ്ങാനാണ് ശ്രമം. രഞ്ജിത് ഇസ്രയേലി ഉള്‍പ്പെടെയുള്ള സംഘത്തോടും രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഡാറില്‍ സിഗ്നല്‍ കിട്ടിയ ഭാഗത്ത് നീരുറവയുണ്ടെന്ന് ലോറിയുടമ മനാഫ് ചൂണ്ടിക്കാട്ടി. അത് പ്രതീക്ഷയാണ്. നീരുറവ ഉണ്ടെങ്കില്‍ ഓക്സിജനും കാണും. വിദഗ്ധരെല്ലാം അക്കാര്യം സ്ഥിരീകരിക്കുന്നുണ്ടെന്നും മനാഫ് പറഞ്ഞു.
കാണാതായ പൂച്ചക്കുട്ടിയെ കണ്ടെത്താന്‍ ശ്രമിക്കുന്ന ഗൗരവം പോലും കര്‍ണാടക അധികൃതര്‍ ഷിരൂരിലെ തിരച്ചിലിന് നല്‍കുന്നില്ലെന്ന് മനാഫ് കുറ്റപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന മണ്ണുമാന്തികളുടെ ഡ്രൈവര്‍മാര്‍ക്കോ ലോറി ഡ്രൈവര്‍മാര്‍ക്കോ പകരക്കാരില്ല. ഒട്ടും വിശ്രമമില്ലാതെയാണ് അവര്‍ ജോലി ചെയ്യുന്നത്. അത്രമാത്രം ദുര്‍ബലമാണ് സംവിധാനങ്ങള്‍. ഇത്തരമൊരു ദുരന്തം കൈകാര്യം ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള ശേഷിയും സംവിധാനങ്ങളും അന്വേഷണവിധേയമാക്കേണ്ടതാണെന്നും മനാഫ് പറഞ്ഞു.
റഡാറില്‍ കിട്ടിയ സിഗ്നലില്‍ ലോറിയാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കരയിലെ തിരച്ചില്‍ നിര്‍ത്തരുതെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അഞ്ചാറ് മണ്ണുമാന്തികളും അഞ്ചാറ് ലോറികളും ഉപയോഗിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. രണ്ടു റഡാറുകളുമുണ്ട്. റഡാര്‍ സിഗ്നല്‍ വീണ്ടും റോഡിലേക്ക് വിരല്‍ ചൂണ്ടിയ സാഹചര്യത്തില്‍ പുഴയില്‍ സമാന്തരമായി നടത്തിവന്ന തിരച്ചില്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം ഷിരൂര്‍ രക്ഷാദൗത്യംകേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഐഎസ്ആര്‍ഒ ഉപഗ്രഹ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍ണാടക സര്‍ക്കാരിന് വീഴ്ച ഉണ്ടായെങ്കില്‍ ദൗത്യത്തിന് ശേഷം ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി. പറഞ്ഞു.