ഇന്ന് റഡാര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തും അര്‍ജുന്റെ ലോറിയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ ഭാഗത്തെ മണ്ണുമാറ്റിയുള്ള പരിശോധന പൂര്‍ത്തിയായി. റഡാര്‍ നല്‍കുന്ന സൂചനകളനുസരിച്ചാണ് അപകടം നടന്ന് അഞ്ചാംദിനം മുതല്‍ ഷിരൂരിലെ മണ്ണിടിച്ചില്‍ മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. രണ്ട് മീറ്റര്‍ ആഴത്തിനപ്പുറം റഡാറിനു പോലും എത്തിപ്പെടാനാകാത്തവിധം ആയിരുന്നു ആദ്യഘട്ടത്തില്‍ മണ്ണിന്റെ ഘടന. വലിയ പാറക്കല്ലുകളും ചെളിയും വെള്ളവും മണ്ണും കുഴഞ്ഞുമറിഞ്ഞു നില്‍ക്കുന്ന സാഹചര്യം. ഹെവി ഹിറ്റാച്ചിക്ക് പോലും അനക്കാനാകാത്ത, ട്രക്ക് പോലും തകര്‍ക്കാന്‍ പാകത്തിലുള്ള പാറക്കല്ലുകളാണ് മേഖലയില്‍ നിന്നും നീക്കം ചെയ്തത്.
ഇന്ന് ലഭിച്ച സിഗ്നലുകള്‍ അനുസരിച്ചാണ് രണ്ടര മണിക്കൂറിലേറെയായി സൈന്യം തിരച്ചില്‍ നടത്തുന്നത്. അര്‍ജുന്‍ ലോറി നിര്‍ത്തിയിടാന്‍ സാധ്യതയുള്ള മേഖലയാണിത്. അതായത് റോഡിലെ ട്രാക്കില്‍ നിന്നും വശത്തേക്ക് മാറിയാണ് റഡാര്‍ സിഗ്നല്‍ നല്‍കിയത്. അധികം വൈകാതെ തന്നെ ഒരു ശുഭവാര്‍ത്ത കേള്‍ക്കുമെന്ന പ്രതീക്ഷയില്‍ നില്‍ക്കെയാണ് ഈ ഭാഗത്തും ലോറി കണ്ടെത്താനായില്ലെന്ന വിവരം വരുന്നത്.
രണ്ടു സിഗ്നലുകളാണ് നിലവില്‍ ഷിരൂരിലെ മണ്ണിടിച്ചില്‍ ഭാഗത്ത് ഉപയോഗിക്കുന്നത്.ഒരെണ്ണം സൈന്യത്തിന്റേതും ഒരെണ്ണം എംഎല്‍എയുടെ നേതൃത്വത്തില്‍ എത്തിച്ചതുമാണ്. മൂന്നു നില കെട്ടിടത്തിന്റെ അത്രയും ഉയരത്തിൽ ആണ് ഷിരൂരില്‍ മണ്ണിടിച്ചിൽ ഉണ്ടായത്.അപകടം നടന്ന് ഇന്ന് ഏഴാംദിനമാണ് അര്‍ജുനും ട്രക്കിനുമായി തിരച്ചില്‍ നടത്തുന്നത്.ഇന്നലെ കനത്ത മഴയെത്തുടര്‍ന്ന് പലപ്പോഴും തിരച്ചില്‍ നിര്‍ത്തിവക്കേണ്ട സാഹചര്യത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. എന്നാല് ഇന്ന് ഇതുവരെ തിരച്ചില്‍ വലിയ തടസമില്ലാതെ നീങ്ങുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.
അതിനിടെയാണ് പരിശോധനക്ക് ആക്കംകൂട്ടിി വീണ്ടും റഡാര്‍ സിഗ്നല്‍ നല്‍കിയത്. ആ ഭാഗത്തായി ഒരു നീരുറവ കണ്ടതും പ്രതീക്ഷയേറ്റി. എന്നാല്‍ മൂന്ന് മണിക്കൂറോളം നീണ്ട പരിശോധനയിലും ലോറി കണ്ടെത്താനായില്ലെന്നത് പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് വലിയ നിരാശയാണ് നല്‍കിയത്.