farmers-protest

താങ്ങ് വില അടക്കമുള്ള ആവശ്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്താത്തതിൽ ശക്തമായ പ്രതിഷേധമുയർത്തി പ്രതിപക്ഷ പാർട്ടികളും കർഷകരും. ഇന്ത്യാ സഖ്യത്തിൽ കൂടിയാലോചന നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാർലമെന്‍റിൽ വച്ച് കർഷകരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ ഗാന്ധി ഉറപ്പുനൽകി. രാഹുൽ കർഷകരെ വഞ്ചിക്കുന്നു എന്നാണ് കേന്ദ്രമന്ത്രി ഭഗീരഥ് ചൗധരിയുടെ പ്രതികരണം.

താങ്ങുവില, കാർഷിക കടം എഴുതിത്തള്ളൽ തുടങ്ങിയ ആവശ്യങ്ങൾ   ഉന്നയിച്ച് സമരം തുടരുന്നതിനിടെ കേന്ദ്ര ബജറ്റിൽ കടുത്ത അവഗണനയാണ് ഉണ്ടായതെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. പ്രതിഷേധം ശക്തമാക്കാനും തീരുമാനിച്ചു. ഇതിനുപിന്നാലെയാണ് 7 സംഘടനകളിൽ നിന്നുള്ള 12 പ്രതിനിധികളെ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കായി പാർലമെന്‍റിലേക്ക് ക്ഷണിച്ചത്. ആവശ്യങ്ങൾ പരിഗണിച്ച് സ്വകാര്യ ബിൽ അവതരിപ്പിക്കണമെന്ന് കർഷക നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.  ഇന്ത്യ സഖ്യത്തിൽ കൂടിയാലോചന നടത്തി ഉചിതമായ നടപടി സ്വീകരിക്കാം എന്ന് ഉറപ്പ് രാഹുൽഗാന്ധി  നൽകി.

കൂടിക്കാഴ്ചക്ക്  11:00 മണിയോടെ പാർലമെന്‍റിലെത്തിയ കർഷകരെ  അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. കർഷകരായതുകൊണ്ടാണോ പാർലമെന്‍റിലേക്ക് കടത്തിവിടാത്തതെന്നും പാർലമെന്‍റിന് പുറത്തെത്തി കർഷകരെ കാണുമെന്നും രാഹുൽ ഗാന്ധി അറിയച്ചതോടെയാണ് പ്രവേശന അനുമതി നൽകിയത്. അതേസമയം മോദി സർക്കാർ കർഷകർക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്നും രാഹുൽ കർഷകരെ വഞ്ചിക്കുകയാണെന്നും കേന്ദ്രമന്ത്രി ഭഗീരഥ് ചൗധരി വിമർശിച്ചു.

സംയുക്ത കിസാൻ മോർച്ച അടക്കമുള്ള കർഷക സംഘടകൾ അടുത്ത മാസം ഒന്ന് മുതൽ രാജ്യവ്യാപക പ്രതിഷേധ ആരംഭിക്കും. ആഗസ്റ്റ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുകയും സ്വാതന്ത്ര്യ ദിനത്തിൽ  ട്രാക്ടർ മാർച്ച് നടത്തുകയും ചെയ്യും. 

ENGLISH SUMMARY:

Opposition parties and farmers protested against farmers' demands being included in the budget