shirur-climate-change

അര്‍ജുനെ കണ്ടെത്തിയെന്ന ശുഭ വാര്‍ത്തയ്ക്കായി കണ്ണുംനട്ടിരിക്കുകയാണ് നാടാകെ. ഇന്നലെ അര്‍ജുന്‍റെ ട്രക്ക് കണ്ടെത്തിയത് കൂടുതല്‍ പ്രതീക്ഷയുളവാക്കി. ഇനി മുന്‍പിലുള്ളത് നിര്‍ണായകഘട്ടങ്ങളാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്നലെയും ഇന്നും കാലാവസ്ഥ വില്ലനായി തന്നെ തടരുകയാണ്.

 

നിലവില്‍ ഷിരൂരില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. സ്ഥലത്ത് മഴ പെയ്തും തോര്‍ന്നും നില്‍ക്കുകയാണ്. ഇടവിട്ടുള്ള ശക്തമായ മഴയില്‍ ഗംഗാവലി പുഴയിലെ ജലനിരപ്പ് താഴാത്തതും മുങ്ങല്‍ വിദഗ്ധര്‍ക്ക് തിരച്ചിലിന് തിരിച്ചടിയാണ്. ദൃശ്യങ്ങളില്‍ കാണുന്ന ഒഴുക്കിനെക്കാള്‍ കൂടുതലാണ് അടിത്തട്ടില്‍. പുഴ കുത്തിമറിച്ച് ഒഴുകുകയാണ്. സീറോ വിസിബിലിറ്റിയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നതായാണ് റിപ്പോര്‍ട്ട്. 

മഴ വരുന്നു, പോകുന്നു എന്ന അവസ്ഥയായതിനാല്‍ പുഴ കലങ്ങി മറിയുകയാണ്. കൂടാതെ, മണ്ണിടിച്ചില്‍ സമയത്തുണ്ടായ മണ്ണും മറ്റ് അവശിഷ്ടങ്ങളും പുഴയില്‍ അടിഞ്ഞിട്ടുണ്ടാകും. ഇത് പുഴയുടെ അടിത്തട്ട് കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഷിരൂരിലെ നിലവിലെ കാലാവസ്ഥാ സാഹചര്യം പരിശോധിച്ചശേഷം മാത്രമേ ഇന്ന് കൂടുതല്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാകൂ. 

സെക്കന്‍റുകള്‍ക്കുള്ളിലാണ് കാലാവസ്ഥ മാറിമറിയുന്നത്. മഴയ്ക്കൊപ്പം വീശുന്ന അതിശക്തമായ കാറ്റും പ്രതിസന്ധിയാണ്, അതേസമയം, എന്തൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് തന്നെയാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ഒരല്പമെങ്കിലും കുറഞ്ഞാല്‍ മാത്രമേ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയിലേക്ക് ഇറങ്ങാനാകൂ. 

അതേസമയം, സ്ഥലത്ത് ബൂം ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തെ മണ്ണുമാറ്റി നിരപ്പാക്കാനാണ് ശ്രമം. മറ്റൊരു ബൂം യന്ത്രം കൂടെ സ്ഥലത്ത് എത്തിക്കുമെന്ന് പറ‍ഞ്ഞെങ്കിലും ഇതുവരെ കൊണ്ടുവന്നിട്ടില്ല. ഡ്രോണ്‍ പരിശോധനയും വൈകുകയാണ്.