tiger-hills

TOPICS COVERED

ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചതാണ് കാര്‍ഗില്‍ യുദ്ധത്തില്‍ വഴിത്തിരിവായത്. അസാധ്യമെന്ന് കരുതിയ പോരാട്ടം, സേനയുടെ മികവും തന്ത്രവും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സമ്പൂര്‍ണ വിജയം ഇന്ത്യന്‍ പക്ഷത്തായി. 

 

ശ്രീനഗര്‍, കാര്‍ഗില്‍, ലേ ഹൈവേയില്‍നിന്ന് 10 കിലോമീറ്റര്‍ വടക്കാണ് ടൈഗര്‍ ഹില്‍സ്. മലമുകളിലുള്ള ശത്രുവിനെ നേരിടാന്‍ നൂറ്റി തൊണ്ണൂറ്റി രണ്ടാം മൗണ്ടേന്‍ ബ്രിഗേഡിന്‍റെ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എംപിഎസ് ബജ്‌വ നിയോഗിച്ചത് 18 ഗ്രനേഡിയേഴ്സ് എന്ന വിഭാഗത്തെ. 1999 ജൂലൈ 2, 3 തീയതികളില്‍ വ്യോമസേന ടൈഗര്‍ ഹില്‍സ് ലക്ഷ്യമിട്ട് ആക്രമണം നടത്തി. മൂന്നാം തീയതി വൈകിട്ട് ഏഴുമണിക്ക് 18 ഗ്രനേഡിയേഴ്സ് ഓപ്പറേഷന്‍ ആരംഭിച്ചു. നാലാം തീയതി പുലര്‍ച്ചെ ഒന്നരയ്ക്ക് ആദ്യ പാക് പോസ്റ്റ് ഇന്ത്യന്‍ സേന പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമണിക്ക് രണ്ടാം പോസ്റ്റും വീണു. പടിഞ്ഞാറന്‍ ഭാഗത്തുള്ള പാക് സേനയുടെ സപ്ലൈ ലൈനും തകര്‍ത്തതോടെ മലമുകളിലെ പോരാട്ടം അവസാന ഘട്ടത്തിലേക്ക്. ഓപ്പറേഷന്‍ തുടങ്ങി രണ്ടാംനാള്‍  ക്യാപ്റ്റന്‍ കര്‍ണല്‍ ഷേര്‍ ഖാനടക്കം പാക് ഭാഗത്ത് കനത്ത ആള്‍നാശം. ഏതാനും ഇന്ത്യന്‍ സൈനികരും വീരമൃത്യുവരിച്ചു. 

ജൂലൈ എട്ടിന് 18 ഗ്രനേഡിയേഴ്സ് ടൈഗര്‍ ഹില്‍സിന്‍റെ മുകളില്‍ ഇന്ത്യന്‍ പതാക നാട്ടി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്‍റണെ കാണുന്ന വേളയില്‍ ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചത് വിജയത്തിന്‍റെ മധുരം ഇരട്ടിയാക്കിയെന്ന് അന്നത്തെ കരസേന മേധാവി വി.പി.മാലിക് തന്നെ പറഞ്ഞു. ടോളോളിങ്ങിലെ വിജയത്തിനുശേഷമാണ് ഇന്ത്യന്‍ സേന ടൈഗര്‍ ഹില്‍സ് പിടിച്ചെടുത്തത്. ടൈഗര്‍ ഹില്‍സ് വീണതോടെ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ പരാജയം ഉറപ്പിച്ചു. 

Turning point in the Kargil war was the recapture of the tiger hills: