ANI

അതിര്‍ത്തിയില്‍ കടുത്ത പ്രകോപനവുമായി പാക് സൈന്യം. കുപ്‍വാരയില്‍ നിയന്ത്രണരേഖയോട് ചേര്‍ന്ന ഇന്ത്യന്‍ സൈനിക പോസ്റ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു കരസേനാംഗം വീരമൃത്യുവരിച്ചു. മേജറടക്കം നാല് സൈനികര്‍ക്ക് പരുക്കേറ്റു. പ്രത്യാക്രമണത്തില്‍ ഒരു പാക് പൗരനെ വധിച്ചതായി കരസേന അറിയിച്ചു. 

കാര്‍ഗില്‍ യുദ്ധത്തില്‍നിന്ന് പാഠം പഠിക്കാത്ത പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധം തുടരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് കുപ്‌വാരയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റിനെ പാക് സേന ലക്ഷ്യമിട്ടത്. പാക് സൈനികരും ഭീകരരും ഉള്‍പ്പെടുന്ന ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ അംഗങ്ങളാണ് കുപ്‌വാരയിലെ കമകാരി സെക്ടറിലുള്ള സൈനിക ബങ്കര്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ഗ്രനേഡുകള്‍ എറിഞ്ഞ് സ്ഫോടനം നടത്തിയശേഷം തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. മേജറടക്കം അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റു. 

സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഒരു സൈനികന്‍ വീരമൃത്യുവരിച്ചത്. പരുക്കേറ്റവരില്‍ ഒരു കരസേനാംഗത്തിന്‍റെ നില അതീവഗുരുതരമാണ്. ശക്തമായ തിരിച്ചടിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാക് പൗരനെ വധിച്ചതായി സൈന്യം അറിയിച്ചു. മറ്റ് രണ്ടുപേര്‍ പാക് അധിനിവേശ കശ്മിരീലേക്ക് തിരികെ പോയെന്നാണ് വിവരം. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിച്ചു. എന്നാല്‍ മേഖലയില്‍ ഇപ്പോഴും വ്യാപക തിരച്ചില്‍ തുടരുകയാണ്. 

ENGLISH SUMMARY:

Fresh Encounter In J&K, Soldier Killed In Action, "Pakistani" Dead