ഷിരൂരില്‍ അര്‍ജുനായി തിരച്ചലില്‍ ഈശ്വര്‍ മാല്‍പെയ്ക്ക് തിരിച്ചടിയായത് ഗംഗാവലി പുഴയിലെ കനത്ത കുത്തൊഴുക്ക്. 8 തവണ വെള്ളത്തിലിറങ്ങിയിട്ടും ലോറിക്കടുത്ത് എത്താനാവാത്ത വിധത്തില്‍ ചെളിയും കല്ലും പുഴയുടെ അടിത്തട്ടിലുണ്ട്. പുഴയുടെ അടിത്തട്ടില്‍ ട്രക്ക് ഉണ്ടെന്ന് പറയുന്ന സ്ഥലത്ത് ചെളി നിറഞ്ഞിരിക്കുകയാണെന്ന് തിരച്ചലിന് ശേഷം ഈശ്വര്‍ മാല്‍പെ പറഞ്ഞു.
ഈ ഭാഗത്ത് വലിയ കല്ല് രൂപപെട്ടു. ആല്‍മരമുണ്ട്. മണ്ണിടിച്ചലില്‍ താഴേക്ക് പതിച്ച വൈദ്യുത ലൈന്‍, സ്റ്റേ വയര്‍ എന്നിവ ഈ ഭാഗത്ത് നിറഞ്ഞിരിക്കുകയാണ്. ഈ കുത്തൊഴുക്കില്‍ താഴെ പോയി ട്രക്ക് എടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുഴയുടെ നടുവില്‍ മണ്ണുമാന്തി യന്ത്രമെത്തിച്ച് ചെളി നീക്കി പരിശോധിക്കാനാണ് അടുത്ത പ്ലാന്‍. ഇതിനായി പ്രത്യേക ബോട്ട് എത്തിക്കും.
അതേസമയം, ഈശ്വര്‍ മാല്‍പെ പുഴയിലിറങ്ങിയത് സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ്. നേവി വേണ്ടെന്നും പറഞ്ഞിട്ടും ഈശ്വര്‍ മാള്‍പെ താഴെയിറങ്ങി. അടിശക്തമായ ഒഴുക്കായതിനാല്‍ പുഴയിലേക്ക് ഇറങ്ങരുതെന്നായിരുന്നു നേവിയുടെ ഉപദേശം. അര്‍ജുന് വേണ്ടിയും മറ്റ് രണ്ട് സഹോദരങ്ങള്‍ക്ക് വേണ്ടിയും താഴെ ഇറങ്ങുനെന്നും ആത്മവിശ്വാസമുണ്ടെന്നുമായിരുന്നു ഈശ്വര്‍ മാല്‍പ്പെയുടെ വാക്കുകള്‍. പുഴയിലിറങ്ങുന്നത് സ്വന്തം റിസ്കിലെന്ന് എഴുതി കൊടുത്തിട്ടാണ് ഈശ്വര്‍ മാല്‍പെ പരിശോധന നടത്തിയത്.
പുഴയുടെ മധ്യത്തില്‍ മണ്ണുമാന്ത്രിയന്ത്രം എത്തിച്ചുള്ള പരിശോധനയ്ക്കുള്ള ബോട്ടെത്താന്‍ മൂന്ന് ദിവസമെടുക്കുമെന്നാണ് ഉത്തരകന്നട ജില്ലാഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇതുവരെ തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തും. കുത്തൊഴുക്ക് കുറഞ്ഞാല്‍ പരിശോധനയ്ക്ക് ഈശ്വര്‍ മാല്‍പെ സംഘം വീണ്ടുമെത്തും. സംഭവ സ്ഥലത്തിന് 100 കിലോമീറ്റര്‍ ചുറ്റളവില്‍ ഞങ്ങളുണ്ടെന്നും മണിക്കൂറുകള്‍ കൊണ്ട് കൊണ്ട് എത്താനാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.